മദ്റസ അധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം; പൊലീസിന്‍റെ നോട്ടീസ് വിവാദത്തില്‍

0
198

മുസ്‍ലിം മതസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവർത്തിക്കുന്ന മദ്റസകളിൽ നിയമിക്കുന്ന അധ്യാപകർ അടക്കമുള്ളവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണമെന്ന വിവാദ നിർദേശവുമായി കാസർഗോഡ്‌ പോലിസ്‌. കാസർഗോഡ്‌ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണമാണ് ജില്ലയിലെ മദ്രസകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും മറ്റു നിയമനങ്ങള്‍ നടത്തുമ്പോള്‍ വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് നിയമന നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനം നടത്തുന്ന കമ്മറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മദ്റസക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു‌ സ്ഥാപനങ്ങളിലും പുതിയ ഉത്തരവ്‌ ബാധകമാണ്‌. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ബേക്കല്‍ പൊലീസ് സ്റ്റേഷന്‍, ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള മദ്രസ മാനേജുമെന്‍റുകള്‍ക്കാണ് കത്ത് നല്‍കിയത്.

മദ്റസ അധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം; പൊലീസിന്‍റെ നോട്ടീസ് വിവാദത്തില്‍
ചീമേനി പൊലീസ് സ്റ്റേഷന്‍ നല്‍കിയ നോട്ടീസ്
മദ്റസ അധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം; പൊലീസിന്‍റെ നോട്ടീസ് വിവാദത്തില്‍
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ നല്‍കിയ നോട്ടീസ്

ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമുള്ള കത്ത് പൊലീസിന്‍റെ മുസ്‍ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് അഭിപ്രായപ്പെട്ടു. ഇതിനെതിരെ സോളിഡാരിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

അതെ സമയം കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നോട്ടീസെന്നും നല്ല ഉദ്ദേശത്തിലാണ് പുറത്തിറക്കിയതെന്നും ചീമേനി പൊലീസ് സ്റ്റേഷന്‍ ജി.ഡി ഇന്‍ ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു. സ്കൂളുകളിലെ പീഡനത്തില്‍ നേരത്തെ സ്കൂള്‍ അധികൃതരെ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണെന്നും നിലവിലെ കോവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്രസ അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. വംശീയ മുന്‍വിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here