കാസര്‍കോട്: (www.mediavisionnews.in) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി. പ്രതിക്ക് വേണ്ടിയുള്ള തെരെച്ചില്‍ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. കുഡ്‌ലു കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി ഓടി കടലില്‍ ചാടിയത്. പിന്നാലെ ഓടി പോലീസുദ്യോഗസ്ഥന്‍ പ്രമോദ് കടലില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല. എസ് ഐ വിപിന്‍, വനിതാ എസ് ഐ രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പ്രമോദിനെ രക്ഷപ്പെടുത്തുകയായിരുന്നു. മഹേഷിനെ കണ്ടെത്താനായില്ല.
ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി മൊഴി നല്‍കിയതിന്റെ അടിസ്ഥനത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് അത്യന്തം നാടകീയമായി യുവാവ് കടലിലിലേക്ക് എടുത്ത് ചാടിയത്. രക്ഷപ്പെടാനോ, അതോ ആത്മഹത്യയ്‌ക്കോ ആണ് യുവാവ് ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. യുവാവിന് നീന്തല്‍വശമുണ്ടോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
സംഭവം നടന്ന ഉടനെ പോലീസ് തീരദേശ പോലീസിന്റെയും നാട്ടുകാരായ മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് എ എസ് പി ജേയ്‌സണ്‍ എബ്രഹാം, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, സി ഐ പി മനോജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.