ലഖ്‌നൗ (യു.പി): കഴിഞ്ഞ മാസം പിടിയിലായ 12 അംഗ വാഹന മോഷണ സംഘത്തിന്റെ പക്കല്‍നിന്ന് ലഖ്‌നൗ പോലീസ് രണ്ടു തവണയായി പിടിച്ചെടുത്തത് 112 വാഹനങ്ങള്‍. രാജ്യത്തെതന്നെ ഏറ്റവും വലിയ വാഹന മോഷണ സംഘത്തെയാണ് പിടികൂടാന്‍ കഴിഞ്ഞത് പോലീസ് അവകാശപ്പെടുന്നു. ഈ സംഘം മോഷ്ടിച്ച 50 കാറുകള്‍ കഴിഞ്ഞമാസം വിവിധ സ്ഥലങ്ങളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. 62 കാറുകള്‍കൂടി ചൊവ്വാഴ്ച പിടിച്ചെടുക്കാന്‍ കഴിഞ്ഞതോടെയാണ് രണ്ടു മാസത്തിനിടെ കണ്ടെത്തിയ കാറുകളുടെ എണ്ണം 112 ആയത്.
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനക്കാര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പനക്കാര്‍, മെക്കാനിക്കുകള്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 12 അംഗ സംഘം അറസ്റ്റിലായതിന് പിന്നാലെയാണ് ഇത്രയധികം വാഹനങ്ങള്‍ പിടികൂടാന്‍ കഴിഞ്ഞത്. ഇവര്‍ 20 വര്‍ഷമായി കാര്‍ മോഷണം നടത്തുന്നുവെന്നാണ് പോലീസ് പറയുന്നത്. മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യൂ, ഹോണ്ട സിറ്റി, ഇന്നോവ, സഫാരി, സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ കാറുകളാണ് പിടിച്ചെടുത്തവയില്‍ അധികവും. എന്‍ജിന്‍ നമ്പറും ഷാസി നമ്പറും മാറ്റിയശേഷം വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ഇവ രാഷ്ട്രീയക്കാരും വ്യവസായികളും അടക്കമുള്ള പ്രമുഖര്‍ക്ക് വില്‍ക്കുകയായിരുന്നു മോഷ്ടാക്കള്‍ ചെയ്തുവന്നത്.
ജൂണ്‍ 21-നാണ് അഞ്ചംഗ മോഷണസംഘം പോലീസിന്റെ വലയിലാകുന്നത്. ഇവരില്‍നിന്ന് 50 ആഡംബര കാറുകള്‍ പിടിച്ചെടുത്തു. അഞ്ചംഗ സംഘത്തെ വിശദമായി ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് മോഷ്ടാക്കളെക്കൂടി പിടികൂടാനായി. ഇവരില്‍നിന്നാണ് 62 കാറുകള്‍കൂടി പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. രാജ്യത്തെതന്നെ ഏറ്റവും വലിയ വാഹന മോഷ്ടാക്കളെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്നാണ് എസിപി സ്വതന്ത്ര കുമാര്‍ സിങ് അവകാശപ്പെടുന്നത്. മഹാരാഷ്ട്രാ പോലീസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹന മോഷ്ടാക്കളില്‍നിന്ന് 104 വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ 112 വാഹനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കുന്നത് ആദ്യമായാണെന്നാണ് അവകാശവാദം.
ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിനും വാഹന പരിശോധനയ്ക്കും രഹസ്യ വിവര ശേഖരണത്തിനും ഒടുവിലാണ് പോലീസിന് ഇത്രയധികം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മോഷ്ടിച്ച 2000-ത്തോളം വാഹനങ്ങള്‍ ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നേപ്പാളിലുമായി പലര്‍ക്കും വിറ്റുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണികളിലൂടെയും ഓണ്‍ലൈനിലൂടെയും വാഹന വില്‍പ്പന നടത്തുന്ന സത്പാല്‍ സിങ്ങാണ് സംഘത്തലവന്‍. അപകടത്തില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന വാഹനങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങി അവയുടെ എന്‍ജിന്‍ നമ്പറും ഷാസി നമ്പറും സമാന മോഡലിലുള്ള വാഹനത്തിന് നല്‍കുകയും വ്യാജരേഖകള്‍ തയ്യാറാക്കുകയും ചെയ്താണ് മോഷ്ടിച്ച വാഹനങ്ങള്‍ ഇവര്‍ പലര്‍ക്കും വിറ്റിരുന്നത്.