തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പർ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കൊവിഡ് ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതൽ ക്ലസ്റ്ററുകൾ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളിൽ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റീനും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഈ മേഖലയിലുള്ളവർ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സമൂഹ വ്യാപനത്തിന് തൊട്ട് മുമ്പുള്ളതാണ് ക്ലസ്റ്ററുകൾ. 70 ആക്ടീവ് ക്ലസ്റ്ററും 17 കണ്ടെയ്ൻമെന്റ് ക്ലസ്റ്ററും ഉൾപ്പെടെ സംസ്ഥാനത്ത് നിലവിൽ 87 ക്ലസ്റ്ററുകളാണുള്ളതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
എന്താണ് കൊവിഡ് ക്ലസ്റ്റർ?
ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വൻതോതിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റർ ആയി തിരിക്കുന്നത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉള്ളതും ആ പ്രദേശത്ത് രണ്ടിൽ കൂടുതൽ കേസുകൾ പരസ്പര ബന്ധമില്ലാത്തതും ഉണ്ടെങ്കിൽ അതിനെ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിംഗ് തുടങ്ങുന്നത്.
അതൊരു മാർക്കറ്റോ, ആശുപത്രിയോ, തീരദേശമോ, സ്ഥാപനമോ, വാർഡോ, പഞ്ചായത്തോ, ട്രൈബൽ മേഖലയോ ഒക്കെയാകാം. ആ പ്രത്യേക മേഖലയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരിലായിരിക്കും കൂട്ടത്തോടെ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടാവുക.
ക്ലസ്റ്റർ മാനേജ്‌മെന്റ് വളരെ പ്രധാനം
കൊവിഡ് രോഗബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവർത്തനം ശക്തമാക്കിയില്ലെങ്കിൽ സമൂഹ വ്യാപനത്തിലേക്ക് പോകാം. അതിനാൽ തന്നെ ക്ലസ്റ്റർ മാനേജ്‌മെന്റ് വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ ക്ലസ്റ്റർ ആക്കിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) സജ്ജമാക്കുക എന്നതാണ്. ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ, ആശാവർക്കർ, വാർഡ് മെമ്പർ, വോളണ്ടിയൻമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീക്കാർ എന്നിവരടങ്ങുന്നതാണ് ഈ സംഘം. എച്ച്.എസ്., എച്ച്.ഐ., പി.എച്ച്.എൻ, എൽ.എച്ച്.ഐ. എന്നിവർ ഇവരെ സൂപ്പർവൈസ് ചെയ്യുന്നതായിരിക്കും.
കൺട്രോൾ റൂം
ഒരു പ്രദേശത്തെ ക്ലസ്റ്ററാക്കിയാൽ ഏറ്റവും പ്രധാനമാണ് കൺട്രോൾ റൂം. ഈ കൺട്രോൾ റൂമിന്റെ നേതൃത്വത്തിലായിരിക്കും ക്ലസ്റ്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി മേൽനടപടികൾ സ്വീകരിക്കുന്നത്. രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ ആ പ്രദേശത്തെ കണ്ടൈൻമെന്റ് സോണായി തിരിക്കുന്നു. അവിടെ ലോക് ഡൗൺ ആക്കി ജനങ്ങളുടെ ഇടപെടലുകൾ പരമാവധി കുറച്ച് ക്വാറന്റീനിലാക്കുന്നു.
ക്ലസ്റ്റർ നിയന്ത്രണ രൂപരേഖ
ക്ലസ്റ്ററിൽ ഏറ്റവും പ്രധാനമാണ് കോണ്ടാക്ട് ട്രെയിസിംഗ്, ടെസ്റ്റിംഗ്, ഐസൊലേഷൻ എന്നിവയടങ്ങിയ ക്ലസ്റ്റർ രൂപരേഖ. ഇതിന്റെ ഭാഗമായി ആർ.ആർ.ടി. ടീമിനെ ഫീൽഡിലിറക്കി സമ്പർക്കം കണ്ടെത്തുന്നതിന് കോണ്ടാക്ട് ട്രെയിസിംഗ് നടത്തുന്നു. ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുള്ളവരെ കണ്ടെത്തി ആ പ്രദേശത്ത് പരമാവധി പരിശോധനകൾ നടത്തുന്നു. ഇതിൽ പോസിറ്റീവായവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നു. നെഗറ്റീവായവരെ ക്വാറന്റീനിലാക്കുന്നു. തീരദേശ മേഖലകളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനാൽ ഈ മേഖലയ്ക്ക് പ്രത്യേക ക്ലസ്റ്റർ നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ക്ലസ്റ്ററുകളടങ്ങിയ പ്രദേശത്തെ പ്രത്യേക സോണായി തിരിച്ച് നടപടി സ്വീകരിച്ചുവരുന്നു.
മലയോര മേഖലയിൽ പ്രത്യേകിച്ച് ആദിവാസി ജനസമൂഹത്തിനിടയിൽ കൊവിഡ് എത്തിച്ചേരാതെ നോക്കേണ്ടതുണ്ട്. നല്ല ജാഗ്രത കാണിച്ചെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ. ട്രൈബൽ മേഖലയ്ക്ക് വേണ്ടി പ്രത്യേക കോവിഡ് നിയന്ത്രണ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതേപോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലെ കോളനികളിലും ഫഌറ്റുകളിലും കൊവിഡ് പടരാതിരിക്കാൻ പുറത്ത് നിന്ന് ആളുകൾ ഇവിടേക്ക് കടന്ന് ചെല്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബഹുജനങ്ങളും ഒറ്റക്കെട്ടായി ഇടപെട്ടാൽ മാത്രമേ അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുകയുള്ളൂ.
ബോധവത്ക്കരണം
ശക്തമായ ബോധവത്ക്കരണമാണ് ഏറ്റവും വലിയ പ്രതിരോധം. ഈ പ്രദേശത്തുള്ളവർ എല്ലാവരും എപ്പോഴും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. മാസ്‌കില്ലാതെ സംസാരിക്കാനോ, ചുമയ്ക്കാനോ, തുമ്മാനോ പാടില്ല. ഈ മേഖലയിലുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്.
ക്ലസ്റ്റർ മാറുന്നതെങ്ങനെ?
ഒരു പ്രദേശത്ത് അവസാനത്തെ പോസിറ്റീവ് കേസ് വന്ന ശേഷം 7 ദിവസം പുതിയ കേസ് ഇല്ലെന്ന് ഉറപ്പാക്കിയാലേ ആ മേഖലയെ ക്ലസ്റ്ററിൽ നിന്നും ഒഴിവാക്കുകയുള്ളൂ. കേരളം ഇതേവരെ തുടർന്ന ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും തുടരാതെ വന്നാൽ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ പ്രതിദിന മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാവരും സഹകരിക്കണം.