‘പശുവിന്‍റെ മൂത്രം കുടിക്കൂ, കോവിഡില്‍ നിന്നും രക്ഷപ്പെടൂ’; വിവാദ പ്രസ്താവനയുമായി ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട്

0
231

കൊൽക്കത്ത (www.mediavisionnews.in) :പശുവിന്‍റെ മൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തു എന്ന് ആഹ്വാനം ചെയ്ത് ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് ‘വീട്ടിലെ പൊടിക്കൈ’കളിലൂടെ കോവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. ജനങ്ങള്‍ കൂടുതലായി പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം വര്‍ധിപ്പിക്കണമെന്നാണ് ദിലീപ് ഘോഷ് ദുര്‍ഗാപൂരില്‍ നടന്ന യോഗത്തില്‍ വിവരിച്ചത്.

‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് പശുവിന്‍റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്‍റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്‍റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്’; ദിലീപ് ഘോഷ് വീഡിയോയില്‍ സംസാരിച്ചു. ലോക് ഡൗണിന് ശേഷം മദ്യകടകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട വലിയ ക്യൂകളെ കുറിച്ചും ബി.ജെ.പി പ്രസിഡണ്ട് സംസാരിച്ചു.

ഇതാദ്യമായല്ല ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് വിവാദ പ്രസ്താവന നടത്തുന്നത്. ‘പശുവിന്‍റെ പാലില്‍ സ്വര്‍ണമുണ്ടെന്ന’ 2019 നവംബറിലെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മെയില്‍ പശുവിന്‍റെ മൂത്രം കുടിച്ചാല്‍ ആരോഗ്യപ്രശ്നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു. ദിലീപ് ഘോഷിന്‍റെ പ്രസ്താവനക്കെതിരെ ബി.ജെ.പിക്ക് അകത്ത് നിന്ന് തന്നെ ശാസ്ത്രീയമല്ല എന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതെ സമയം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പശുവിന്‍റെ മൂത്രം വിതരണം ചെയ്തതിനെതിരെ ബി.ജെ.പി അനുകൂല പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here