കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ മരണം. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.
പ്രായാധിക്യവും മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുമുള്ളതാണ് നഫീസയുടെ സ്ഥിതി ഗുരുതരമാക്കിയത്. ഇതേ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നഫീസയുടെ വീട്ടിലെ എട്ട് പേർക്കും ബന്ധുവായ അയൽവാസിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നഫീസ എങ്ങനെ രോഗബാധിതയായെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. വിദേശത്തായിരുന്ന നഫീസയുടെ മകന്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.
ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്‍ക്കരിക്കും. കൂടുതല്‍ രോഗികളുള്ള കാസര്‍കോട്ടെ ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 39 ആയി.