തിരുവനന്തപുരം∙ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ, ഐസിഎംആർ അംഗീകാരമുള്ള സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും ആന്റിജൻ പരിശോധന നടത്താൻ സർക്കാർ അനുമതി. ഇതിനുള്ള നിരക്ക് 625 രൂപയായി നിശ്ചയിച്ചു.
നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻറ് ഹെൽത്ത് കെയർ (എൻഎബിഎച്ച്) അക്രഡിറ്റേഷൻ, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (എൻഎബിഎൽ), ഐസിഎംആർ അംഗീകാരമുള്ള ലാബുകൾ, സംസ്ഥാന ആരോഗ്യവകുപ്പിൻറെ അംഗീകാരമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ആൻറിജൻ ടെസ്റ്റ് നടത്താം. ഇതിനായി ഐസിഎംആറിലും ആരോഗ്യവകുപ്പിലും റജിസ്റ്റർ ചെയ്തു അംഗീകാരം വാങ്ങണം.
സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ തീരദേശമേഖലയിലും ആദിവാസി മേഖലകളിലും ചേരികളിലും സെന്റിനൽ സർവേ നടത്താനും സർക്കാർ തീരുമാനിച്ചു. തീരപ്രദേശത്തെ 80 വില്ലേജുകളിലും, ആദിവാസി മേഖലയിലെ 25 വില്ലേജുകളിലും 15 ചേരികളിലുമാണ് പരിശോധന നടത്തുന്നത്. തീരദേശ മേഖലയില്‍ ഒരു ദിവസം നൂറ് പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തും. ആദിവാസി മേഖലകളിൽ 40 പേർക്കു പരിശോധന നടത്തും.