കൊല്ലം: ഭാര്യ അറിയാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈന് ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു, രാത്രിയിലെത്തിയ കാമുകനെ കയ്യോടെ പിടികൂടി, ഭാര്യയെ കൊടുവാളിന് വെട്ടി. തെന്മല ഇടമൺ റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ ഏറ്റ മുറിവിന് പന്ത്രണ്ട് തുന്നിക്കെട്ട് വേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ -” ഒരു മാസം മുൻപാണ് ഇയാൾ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഭാര്യയെപ്പറ്റി പലരും പേരുദോഷങ്ങൾ പറഞ്ഞ അറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെയും അറിയിക്കാതെ നാട്ടിലെത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൊട്ടിയത്തെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടുപരിസരത്തെത്തി. ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുമ്പോഴാണ് പ്രദേശവാസിയായ യുവാവ് രാത്രിമറ പറ്റി ഇവിടേക്ക് കടന്നുവന്നു. മുറിയ്ക്കുള്ളിലേക്ക് കടന്നതും ഭർത്താവ് കൊടുവാളുമായി ചാടി വീണു. യുവാവിനെ വെട്ടിയെങ്കിലും തട്ടിമാറ്റി ഓടി രക്ഷപെട്ടു. ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങി അയൽവീട്ടിലേക്ക് പാഞ്ഞെങ്കിലും ഇയാൾ പിന്നാലെ എത്തി വെട്ടുകയായിരുന്നു. നെറ്റിയിലാണ് വെട്ടേറ്റത്. തുടർന്ന് അയൽക്കാർ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി’’.