തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മടിച്ച് പൊതുജനങ്ങള്‍. ഇന്ന് മാത്രം മാസ്‌ക് ധരിക്കാത്തതിന് 5191 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
ക്വറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍.
337 പേരാണ് ജില്ലയിലെ പുതിയ കൊവിഡ് രോഗികള്‍.
ഇതില്‍ 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേര്‍ വേറെയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 481 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഉറവിടം കണ്ടെത്താനായിട്ടില്ല.
12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 5 ബി.എസ്.എഫ് ജവാന്മാര്‍ക്കും മൂന്ന് ഐ.ടി.ബി.പി ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.