ജയ്പുർ ∙ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെ കൂടുതൽ കടുത്ത നടപടികൾക്കു കോൺഗ്രസ്. പാർട്ടിവിരുദ്ധ നിലപാടുകളുടെ പേരിൽ സച്ചിനുൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു. എംഎൽഎമാർക്കു നിയമസഭാ സ്പീക്കർ നോട്ടിസ് അയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
കോൺഗ്രസിന്റെ രണ്ടു നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും എന്തുകൊണ്ട് അയോഗ്യരാക്കാതിരിക്കണം എന്നുള്ളതു വിശദീകരിക്കണം എന്നുമാണു നോട്ടിസിൽ പറയുന്നത്. സച്ചിനടക്കം ആരെയും പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടില്ലാത്തതിനാൽ പാർട്ടി വിപ്പ് ഇവർക്കു ബാധകമാകും. തിരികെ വന്നാൽ മന്ത്രിസ്ഥാനം അടക്കം നൽകി സ്വീകരിക്കുക എന്നതിനൊപ്പം കൂറുമാറി വോട്ടു ചെയ്യുമെന്നു ബോധ്യമായാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കു അയോഗ്യരാക്കുകയും ചെയ്യും. വിമത എംഎൽഎമാർ അയോഗ്യരാക്കപ്പെട്ടാൽ നൂറിലേറെ പേരുടെ പിന്തുണയുള്ള ഗെലോട്ടിനു ഭൂരിപക്ഷം തെളിയിക്കുന്നതിനു പ്രയാസമുണ്ടാകില്ല.
ചൊവ്വാഴ്ചയാണു സച്ചിനെ ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് പദവികളിൽനിന്നു മാറ്റിയത്. സച്ചിനൊപ്പമുള്ള മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയും ഒഴിവാക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമായിരുന്നു തീരുമാനം. ഒഴിവുകൾ നികത്താൻ മുഖ്യമന്ത്രി ഇന്നു മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നു സൂചനയുണ്ട്. മന്ത്രിസഭയിൽ 8 പേരെക്കൂടി ഉൾപ്പെടുത്താനാകും. കോൺഗ്രസ് എംഎൽഎമാർക്കു പുറമേ സ്വതന്ത്രരും ചെറുകക്ഷികളിൽ പെട്ടവരുമടക്കം 104 എംഎൽഎമാരുടെ പിന്തുണയാണു ഗെലോട്ട് അവകാശപ്പെടുന്നത്. 200 അംഗങ്ങളാണു രാജസ്ഥാൻ നിയമസഭയിലുള്ളത്.
ബിജെപിയിൽ ചേരില്ലെന്നു സച്ചിൻ
ഭാവിപരിപാടിയെന്തെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും താൻ ബിജെപിയിൽ ചേരില്ലെന്നു സച്ചിൻ പൈലറ്റ് പറഞ്ഞു. ‘ഞാൻ ബിജെപിയിൽ ചേരില്ല. അങ്ങനെ യാതൊരു പദ്ധതിയും തയാറാക്കിയിട്ടില്ല. ബിജെപിയുമായി ചേർത്തു പറയുന്നത് എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാൻ ഇപ്പോഴും കോൺഗ്രസ് പാർട്ടി അംഗമാണ്. രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹം’– ദേശീയ മാധ്യമത്തോടു സച്ചിൻ പ്രതികരിച്ചു.
സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരും മറ്റു മുതിർന്ന നേതാക്കളും സച്ചിൻ പൈലറ്റിനെ പലതവണ വിളിച്ചിട്ടും അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. സോണിയയും രാഹുലും 6 തവണയിലേറെ സച്ചിനെ വിളിച്ചുവെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ‘സത്യത്തെ അലോസരപ്പെടുത്താം; പക്ഷേ, പരാജയപ്പെടുത്താനാകില്ല. എനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. റാം റാം’ എന്നായിരുന്നു സംഭവ വികാസങ്ങളോടു സച്ചിൻ ട്വിറ്ററിൽ കഴിഞ്ഞദിവസം പ്രതികരിച്ചത്.