കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. നിരവധി പേരാണ് കൊവിഡ് ബാധിച്ച് മരിച്ച് കൊണ്ടിരിക്കുന്നത്. കൊറോണയെ തുടച്ച് നീക്കാൻ വാക്സിൻ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ റഷ്യയിൽ നിന്ന് ആശ്വാസകരമായ വാർത്തയാണ് പുറത്ത് വന്നത്.
കൊവിഡിനെതിരായ വാക്‌സിന്റെ ‘ക്ലിനിക്കൽ ട്രയൽ’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നതാണ് വാർത്ത. റഷ്യയിലെ ‘ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ കണ്ടെത്തിയത്.
വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത് ഇങ്ങനെ…
1. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ജൂൺ 18 നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. ആരോഗ്യമുള്ള 18 വോളന്റിയർമാരുടെ ആദ്യ ഗ്രൂപ്പിന് പ്രതിരോധ കുത്തിവയ്പ് നൽകി. ‘സെഷ്‌നോവ് യൂണിവേഴ്‌സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്.
2. പരീക്ഷണത്തിന് വിധേയരായ 20 വോളന്റിയർമാരുടെ രണ്ടാമത്തെ ഗ്രൂപ്പിന് ജൂൺ 23 ന് ‘ പ്രാക്ടിക്കൽ റിസർച്ച് സെന്റർ ഫോർ ഇന്റർവെൻഷണൽ കാർഡിയോവാസോളജി’ യിൽ വാക്സിൻ നൽകി. 18 നും 65 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണ് വാക്സിൻ പരീക്ഷിച്ചത്.
3. അവർക്ക് പൊടിയിൽ നിന്ന് ദ്രാവകരൂപത്തിലാക്കിയെടുത്ത് പേശിയിൽ കുത്തിവയ്ക്കുന്ന തരത്തിലുള്ള (lyophilised vaccine) വാക്സിൻ നൽകപ്പെട്ടു.
4. വാക്സിൻ പരീക്ഷിച്ച ചിലർക്ക് തലവേദനയും ഉയർന്ന ശരീര താപനിലയും അനുഭവപ്പെട്ടു. വാക്സിൻ എടുത്ത് 24 മണിക്കൂറിന് ശേഷം ഈ ലക്ഷണങ്ങൾ മാറുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
5.’സെഷ്‌നോവ് യൂണിവേഴ്‌സിറ്റി’ യിലെ കാമ്പസിലെ വാർഡുകളിൽ പാർപ്പിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
6. വാക്സിൻ കുത്തിവച്ച ശേഷം മറ്റ് അണുബാധകളിൽ നിന്ന് രക്ഷനേടുന്നതിന് 28 ദിവസം അവർക്ക് ഐസോലേഷനിൽ കഴിയേണ്ടി വരും. ഡിസ്ചാർജ് ചെയ്ത ശേഷം അവരെ ആറ് മാസം കൂടി നിരീക്ഷിക്കും.
7. ‘ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട്’ വികസിപ്പിച്ച കൊവിഡ് 19 വാക്സിൻ മോസ്കോയിലെ ബർഡെൻകോ മിലിട്ടറി ഹോസ്പിറ്റലിലും പരീക്ഷിച്ചു. പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യഗ്രൂപ്പിനെ ഈ ബുധനാഴ്ച ഡിസ്ചാര്‍ജ്
ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ ഗ്രൂപ്പിനെ ജൂലായ് 20 ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.