മഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 30 കിലോ കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കല്ല് ഗുവാദപ്പടുപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ പരിശോധന നടത്തിയത്. ഷെഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 30 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു. കഞ്ചാവ് വില്‍പ്പനക്കെത്തിച്ച സംഘത്തെ കണ്ടെത്താനായില്ല. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നരമാസത്തിനിടെ 90 കിലോയോളം കഞ്ചാവാണ് പൊലീസും എക്‌സൈസും പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കര്‍ണ്ണാടകയിലെ ഊടുവഴിയിലൂടെ വാഹനങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും രാത്രിയാകുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഈ ഭാഗത്ത് കഞ്ചാവുകടത്തിനും വില്‍പ്പനക്കുമായി വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.