കോവിഡ് 19ന്റെ വ്യാപനത്തോടെ മനുഷ്യർ തമ്മിലുള്ള അകലം വർധിച്ചെങ്കിലും കരുണയുടെ ഉറവ വറ്റിയിട്ടില്ല എന്നതിന് തെളിവായി മാറിയിരിക്കുകയാണ് തിരുവല്ലയിൽ നിന്നുള്ള ഒരു ദൃശ്യം. വഴിയറിയാതെ നിസ്സഹായനായി നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ സുരേഷ് എന്ന യുവതി സഹായിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടുന്നത്.
അന്ധനായ വൃദ്ധൻ പോകാനുള്ള വഴി അറിയാതെ നിസ്സഹായനായി നിൽക്കുന്നത് കണ്ടാണ് സുപ്രിയ സഹായത്തിന് എത്തിയത്. സമീപത്തു കൂടി കടന്നു പോയ കെഎസ്ആർടിസി ബസ് വിളിച്ചു നിർത്തിയശേഷം കണ്ടക്ടറോട് കാര്യം അവതരിപ്പിച്ചു. പിന്നീട് വൃദ്ധന് സമീപം ചെന്ന് സുപ്രിയ ഏറെ കരുതലോടെ അദ്ദേഹത്തെ കൈപിടിച്ച് ബസ്സിന് അരികിലേക്ക് എത്തിക്കുന്നതും കയറാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സമീപത്തെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജോഷ്വ അത്തിമൂട്ടിൽ എന്ന വ്യക്തിയാണ് ഇൗ ദൃശ്യം പകർത്തിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി കണ്ട കാഴ്ച അദ്ദേഹം മൊബൈലിൽ പകർത്തുകയായിരുന്നു. പിന്നീട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
കൊറോണയുടെ കാലത്തും ഇത്തരമൊരു ഒരു കാരുണ്യ പ്രവർത്തി ചെയ്യാൻ കാണിച്ച മനസ്സിന് സുപ്രിയക്ക് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. തിരുവല്ലയിലെ പ്രമുഖ ടെക്സ്റ്റൈൽ ഷോറൂമായ ജോളി സിൽക്ക്സിലെ സെയിൽസ് ഗേളാണ് സുപ്രിയ സുരേഷ്. സഹജീവികളോട് കാണിച്ച് കരുതലിന് സ്ഥാപനത്തിൻറെ മാനേജ്മെന്റും സുപ്രിയയ്ക്ക് ആദരം അർപ്പിച്ചു.