തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍; സെക്രട്ടറിയേറ്റ് അടച്ചിടും

0
193

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും.

ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. തിരുവനന്തപുരത്ത് നഗരത്തില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയില്‍ സമ്പൂര്‍ണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. 

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതല്‍ സമ്പര്‍ക്കരോഗികളുള്ളത്. രോഗബാധിതരില്‍ ഏറെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നവരാണ്.

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും സമൂഹവ്യാപനം ഉണ്ടായാല്‍ അതുമറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീര്‍ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ ഇരുപതോളം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here