ഉപ്പള: (www.mediavisionnews.in) ഗ്രാമപഞ്ചായത്ത് ഭരണത്തെ സ്തംഭിപ്പിക്കുന്ന രീതിയിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയും ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന മംഗൽപ്പാടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡല നേതൃയോഗം ആവശ്യപ്പെട്ടു.
എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അനുമതികൾ രേഖകൾ ആവശ്യമായി വരുന്നുണ്ട്. എന്നാൽ മാസങ്ങളോളമായി മംഗൽപാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിരന്തരമായി അവധിയിൽ പോകുകയും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതിനാൽ തന്നെ പാവപ്പെട്ട ജനങ്ങൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ വരികയും വികസന പ്രവർത്തനങ്ങൾ നടക്കാതെ വരികയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ശബ്ദിക്കുന്ന ജനപ്രതിനിധികളെ കള്ളക്കേസിൽ കുടുക്കി ജനപ്രിയനായ മെമ്പർമാരുടെ വീര്യം കെടുത്താമെന്നത് വ്യാമോഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ ബി എം മുസ്തഫ ക്കെതിരെയുള്ള അടിസ്ഥാനരഹിതമായ പരാതിയെ ശക്തമായി നേരിടുമെന്നും യൂത്ത് ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ മുഖ്താർ അധ്യക്ഷതവഹിച്ചു സിദ്ദീഖ് ദണ്ഡഗോളി സ്വാഗതം പറഞ്ഞു ജില്ലാ യൂത്ത് ലീഗ് ട്രഷറർ യൂസഫ് ഉളുവാർ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂർ എംപി ഖാലിദ് ഹനീഫ് സീതാംഗോളി സംസാരിച്ചു.