ടിക് ടോക് തുടക്കംമാത്രം; 12 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംവന്നേക്കും

0
174

ടിക് ടോക്കിനുപിന്നാലെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംകൊണ്ടുവന്നേക്കും. 

വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയില്‍നിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയര്‍മുതല്‍ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ നിര്‍മിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു. 

12ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനംവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ കണ്ടീഷണറുകള്‍പോലുള്ള ഇലക്ടോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നത്. 

ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കല്‍സ്, വാഹന ഭാഗങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിര്‍മാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകും. കായിക ഉപകരണങ്ങള്‍, ടി.വി സെറ്റുകള്‍, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്. 

ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനംനല്‍കും. ചൈനയുമായി സംഘര്‍ഷംതുടങ്ങിയതോടെയാണ് ഒരൂകൂട്ടം ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

കസ്റ്റംസ് തീരുവ വര്‍ധന, സാങ്കേതിക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് തടസ്സമേര്‍പ്പെടുത്തല്‍ തുടങ്ങിയവഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിര്‍ദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here