സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും. കെഎസ്ഇബിയുടെ തിരുവനന്തപുരം തിരുമല ക്യാഷ് കൗണ്ടര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.
കോവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിര്‍ത്തി ആളിറങ്ങാന്‍ അനുമതിയില്ല. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് മലപ്പുറത്ത് യോഗം ചേരും.
മലപ്പുറത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടര്‍, ജില്ലയിലെ റവന്യു, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കളക്ടറേറ്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക.
അതേസമയം, കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡിപ്പോ അടച്ചിരുന്നു. ബസുകളും ഡിപ്പോയും അണുവിമുക്തമാക്കി. കണ്ടക്ടറുമായി സമ്പര്‍ക്കത്തിലായ ജീവനക്കാരും യാത്രക്കാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരും ചാലക്കുടി നഗരസഭാംഗവും ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.