മംഗളൂരു: (www.mediavisionnews.in) കോവിഡ് ബാധിച്ചുമരിച്ചയാളുടെ മൃതദേഹം കബറടക്കാൻ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ എം.എൽ.എ. എത്തി. ചൊവ്വാഴ്ച മംഗളൂരുവിൽ മരിച്ച 70-കാരന്റെ മൃതദേഹം ബോളാർ ജുമാ മസ്ജിദ് കബറിടത്തിൽ കബറടക്കാനാണ് യു.ടി.ഖാദർ എം.എൽ.എ. എത്തിയത്. എല്ലാ സുരക്ഷാമാർഗങ്ങളോടെയും മൃതദേഹം സംസ്‌കരിക്കാനായി ആരോഗ്യവകുപ്പ് ജീവനക്കാർ കൊണ്ടുവന്നപ്പോൾ, മുൻ ആരോഗ്യമന്ത്രി കൂടിയായ യു.ടി. ഖാദർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മൃതദേഹം കബറടക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
മരിച്ചയാളുടെ അടുത്ത ബന്ധുക്കൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വിട്ടുനിൽക്കുകയായിരുന്നു. എം.എൽ.എ.യെ തടയാൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചതുമില്ല. അതേസമയം, രാഷ്ട്രീയപ്രശസ്തി നേടാനാണ് യു.ടി. ഖാദർ കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പോലും ലംഘിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ജൂൺ 12-നാണ് 70-കാരൻ ബെംഗളൂരുവിൽനിന്നു വന്നത്.