ഉപ്പള: (www.mediavisionnews.in) ഉപ്പള സോങ്കാലിലെ സി.പി.എം പ്രവർത്തകൻ അബ്ദുല്‍സത്താറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയാണ് വിധി പറഞ്ഞത്. കേസിൽ പ്രതികളായ ഉപ്പള കൈകമ്പയിലെ മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം ഖലീല്‍, സൈനുദ്ദീന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
കേസിൽ നാലുപ്രതികളാണുള്ളത്. എന്നാൽ മൂന്നുപ്രതികൾ മാത്രമാണ് ഹാജരായത്. വിചാരണക്ക് ഹാജരാകാത്ത പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008 ഡിസംബർ 21 ന് മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിൽ ഉപ്പള സോങ്കാലിൽ വെച്ചാണ് അബ്ദുല്‍സത്താര്‍ തലയ്ക്കടിയേറ്റ് മരിച്ചത്.
വ്യക്തി പരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നായിരുന്നു കേസ്. അന്ന് പ്രതികളെല്ലാം സി.പി.എം പ്രവർത്തകരായിരുന്നുവെന്ന ആരോപണത്തെ തുടർന്ന് കേസ് ജില്ലയിലെ സി.പി.എം നേതൃത്വത്തിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ കോടതി വെറുതെ വിട്ട പ്രതികൾ ഇപ്പോഴും സി.പി.എം പ്രവർത്തകരാണ്.