പാക്ക് ബോർഡ് കോവിഡ് സ്ഥിരീകരിച്ചതിന് പിറ്റേന്ന് നെഗറ്റീവ്; തെളിവുമായി ഹഫീസ്

0
156

ഇസ്‍ലാമാബാദ്∙ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചതിനു പിന്നാലെ, വൈറസ് ബാധ നിഷേധിച്ച് പട്ടികയിണ്ടായിരുന്ന മുഹമ്മദ് ഹഫീസ്. കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് ഹഫീസ് വ്യക്തമാക്കി. പാക്ക് ബോർഡ് നടത്തിയ പരിശോധനയ്ക്കു പിന്നാലെ രണ്ടാമതും പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവായതെന്ന് ഹഫീസ് വ്യക്തമാക്കി.

തനിക്ക് കോവിഡ് ഇല്ലെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലവും ഹഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ‘പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഞാൻ വീണ്ടും പരിശോധന നടത്തി. ഒന്നു കൂടി ഉറപ്പുവരുത്തിയെന്ന തൃപ്തിക്കു വേണ്ടിയും മറ്റൊരു അഭിപ്രായം കൂടി അറിയുന്നതിനും വേണ്ടിയായിരുന്നു ഇത്. കുടുംബാംഗങ്ങൾക്കൊപ്പം അങ്ങനെ നടത്തിയ പരിശോധനയിൽ ഞാനുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയെല്ലാം ഫലം നെഗറ്റീവായി. അല്ലാഹുവിന് സ്തുതി. അല്ലാഹു നമ്മെയെല്ലാവരെയും സുരക്ഷിതമായി കാക്കട്ടെ’ – ഹഫീസ് ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമിൽ അംഗങ്ങളായ കാശിഭ് ഭട്ടി, മുഹമ്മദ് ഹസ്‌നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പിസിബി ഇന്നലെ അറിയിച്ചത്. ഹൈദർ അലി, ഷദാബ് ഖാൻ, ഹാരിസ് റഊഫ് എന്നിവർക്ക് തിങ്കളാഴ്ചയും കോവിഡ് സ്ഥിരീകരിച്ചു. താരങ്ങൾക്കു പുറമെ ടീമിന്റെ മാസ്യൂർ മലംഗ് അലിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ബോളിങ് പരിശീലകൻ വഖാർ യൂനിസ്, ഇന്ത്യയിലുള്ള ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും കാണുന്നതിന് ഇംഗ്ലണ്ടിലേക്ക് വൈകി വിമാനം കയറാൻ അനുമതി ലഭിച്ച ശുഐബ് മാലിക്ക്, ക്ലിഫെ ഡീക്കൻ എന്നിവരൊഴികെ പാക്ക് ടീമിലെ മറ്റ് താരങ്ങളും പരിശീലക സംഘവും കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു. പാക്ക് ടീമംഗങ്ങൾ ഈ മാസം 28ന് ലഹോറിൽനിന്ന് മാഞ്ചസ്റ്ററിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ പോകാനിരിക്കെയാണ് 10 പേർ രോഗബാധിതരായത്. സാഹചര്യം വഷളാണെങ്കിലും ഇംഗ്ലണ്ട് പര്യടനവുമായി മുന്നോട്ടു തന്നെ പോകുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here