കോവിഡിനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദത്തിന് പിന്നാലെ വിവാദ യോഗഗുരു ബാബരാംദേവിന്റെ പതഞ്ജലിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി കേന്ദ്ര ആയുഷ് മന്ത്രാലയം. വിശദാംശങ്ങള്‍ ലഭിക്കുന്നത് വരെ മരുന്ന് വിപണനം ചെയ്യരുതെന്നും പരസ്യം നല്‍കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. മരുന്ന് ഘടനയുടെ വിശദാംശങ്ങള്‍, ഏത് ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങളാണ് കേന്ദ്രം പതഞ്ജലിയോട് ചോദിച്ചത്.
അതേസമയം മരുന്നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് പതഞ്ജലിയുടെ ആസ്ഥാനം. ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് രാംദേവിന്റെ പതഞ്ജലി, ആയുർവേദ മരുന്ന് പുറത്തിറക്കിയത്. കൊറോണിൽ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചകൊണ്ട് 100 ശതമാനവും രോഗവുമുക്തി നേടാമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
100 രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് രാം ദേവ് പറയുന്നു, ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയൂര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നത്.