ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് സഫൂറയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനായിരം രൂപയുടെ ആൾ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുവാദം ഇല്ലാതെ ദില്ലി വിടരുത് എന്ന് നിർദേശമുണ്ട്. മാനുഷിക പരിഗണനയിൽ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ല എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നാല് മാസം ഗർഭിണി ആയ സഫൂറയുടെ തടവിനെതിരെ പ്രമുഖർ രംഗത്തെത്തിയിരുന്നു.
സഫൂറയുടെ ജാമ്യാപേക്ഷ ദില്ലി കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യത്തിന് യോഗ്യതകള്‍ ഒന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്. ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറയെ ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ ഗൂഢാലോചന കുറ്റം ചുമത്തി ഏപ്രിലിലാണ് സഫൂറയെ പൊലീസ് അറസ്റ്റ് ചെയ്തത്.