കൊച്ചി (www.mediavisionnews.in) :കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം നിരവധി ബിസിനസുകള്‍ പൂട്ടിപ്പോയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, തൊഴില്‍ നഷ്ടവും ഒക്കെ ഈ സമയത്ത് വ്യാപകമാണ്. ചെറുതും വലുതുമായ മിക്ക ബിസിനസുകളെയും കൊവിഡ് മോശമായി ബാധിച്ചു കഴിഞ്ഞു. എന്നാൽ ഈ സമയത്ത് ലാഭം കൊയ്തുകൊണ്ടിരിക്കുന്ന നിരവധി കമ്പനികളും ഉണ്ട്. അവയിൽ ചിലത്.
മാസ്ക് നിർമ്മാണം
ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളും, ഡിസൈനര്‍ സ്ഥാപനങ്ങളും എല്ലാം മാസ്‌ക്കുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കൊവിഡ് മൂലം പൊതുവേ മന്ദീഭവിച്ച തുണി നിര്‍മാണ മേഖല ഉണര്‍ന്നു.വ്യത്യസ്തമായ മാസ്‌ക്കുകളുടെ രൂപകല്‍പ്പനയിലൂടെയും, വില്‍പ്പനയിലൂടെയും ബിസിനസ് തിരിച്ചു പിടിച്ചവര്‍ പോലുമുണ്ട്. പരുത്തി തുണികൊണ്ടുള്ള മാസ്‌ക്കുകളും, ഡിസൈനര്‍ മാസ്‌ക്കുകളും എല്ലാം ഇപ്പോള്‍ വിപണി കീഴടക്കിയിട്ടുണ്ട്. സ്വര്‍ണം കൊണ്ട് പോലും അലങ്കരിച്ച ബ്രൈഡല്‍ മാസ്‌ക്കുകളും വിപണിയില്‍ ഉണ്ട്.
സാനിറ്റൈസർ നിർമ്മാണം
കൊവിഡ് കാലത്തിന് മുമ്പ് വരെ ചുരുക്കം ചില ആവശ്യക്കാർ മാത്രമേ സാനിറ്റൈസറുകൾക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഉള്‍പ്പെടെ സാനിറ്റൈസര്‍ നിര്‍മാണത്തില്‍ നിന്ന് വലിയ ലാഭം നേടി. മുമ്പ് സാനിറ്റൈസര്‍ ഉത്പാദിപ്പിച്ചിട്ടില്ലാത്ത കമ്പനികൾ വരെ ഈ രംഗത്തേയ്ക്ക് കടന്നു.സാനിറ്റൈസറുകള്‍ ആശുപത്രികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഒഴിച്ചു കൂടാനാകാത്ത ഘടകമായതോടെ വില്‍പ്പനയും കുതിച്ചുയര്‍ന്നു.
കൊവിഡ് മൂലം റെസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കാന്‍ ആളുകള്‍ തയ്യാറല്ലാത്തതിനാല്‍ ഭക്ഷണത്തിന്റെ ഹോം ഡെലിവറിയ്ക്കും ഡിമാന്‍ഡ് കൂടി.ലഞ്ച് ബോക്‌സ് സര്‍വീസുകളും ഈ അവസരത്തില്‍ മികച്ച ലാഭം നേടുന്നുണ്ട്.