സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിരിക്കാം; ആശങ്കപങ്കുവെച്ച് വിദഗ്ധ സമിതി

0
145

കൊല്ലം: (www.mediavisionnews.in) സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിരിക്കാമെന്ന ആശങ്ക പങ്കുവെച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി പരിഗണിച്ചാല്‍ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിദഗ്ധ സമിതി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് തുടരുന്ന ആന്റിബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 23 മുതല്‍ ഇതുവരെ ഉറവിടമറിയാത്ത 70ലേറെ കൊവിഡ് രോഗികള്‍ ഉണ്ട്. ഇതുവരെ 21 മരണങ്ങള്‍. ഇതില്‍ 8 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കണക്കുകള്‍ സമൂഹ വ്യാപന സാധ്യതയാണ് വ്യക്തമാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉറവിടമറിയാത്ത രോഗബാധിതരെക്കുറിച്ച് പഠിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയെങ്കിലും ആകെ മൂന്നുപേരുടെ സമ്പര്‍ക്ക പട്ടിക മാത്രമാണ് കണ്ടെത്താനായത്. ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സ തേടുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ട്. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

അതേസംയം, സംസ്ഥാനത്ത് വെള്ളിയാഴ്ച പുതുതായി 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here