തൃശൂർ: സംസ്ഥാനത്ത് ഒരാഴ്ചയായി സാംപിൾ പരിശോധനയിൽ വൻവർധന ഉണ്ടായതോടെ പോസിറ്റിവ് തോത് കുറഞ്ഞു. ജൂൺ എട്ടു വരെയുള്ള ദിവസങ്ങളിൽ സാംപിൾ പരിശോധിച്ചതിന്റെ 3.10% മുതൽ 5.05% വരെ പോസിറ്റിവ് ആയെങ്കിൽ ജൂൺ 9 മുതൽ 19 വരെയുള്ള ദിവസങ്ങളിലെ പോസിറ്റിവ് തോത് 0.94 % മുതൽ 2.41% വരെ മാത്രം.
ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 4889 സാംപിളുകളാണ് സര്‍ക്കാർ പരിശോധനയ്ക്ക് അയച്ചത്, ജൂൺ 19ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്കും; അതായത് ടെസ്റ്റ് നടത്തിയവരില്‍ 2.41% പേർക്ക് രോഗം സ്ഥിരീകരിച്ചു. പരിശോധന കൂടുകയും പോസിറ്റിവ് തോത് കുറയുകയും ചെയ്തു എന്നു കണക്കു പറയാമെങ്കിലും ആ കണക്കുകൾ വച്ച് ആശ്വസിക്കാൻ വകയില്ല.
ശസ്ത്രക്രിയയ്ക്കു മുൻപ് കോവിഡ് പരിശോധന നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനു പിന്നാലെയാണു പരിശോധനകളുടെ എണ്ണത്തിൽ വർധന വന്നത്. ശസ്ത്രക്രിയകൾക്ക് എത്തുന്ന രോഗികൾ ഹൈ റിസ്ക് ഗണത്തിൽപ്പെടുന്നവരല്ലാത്തതിനാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതുമില്ല.
സംസ്ഥാനത്തെ വ്യാപനത്തോതിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകളിൽ കാണുന്നത് ഇങ്ങനെയാണ്. അടിയന്തര സാഹചര്യത്തിലല്ലാത്ത എല്ലാ ശസ്ത്രക്രിയകൾക്കു മുൻപും ഗ്രൂപ്പ് തിരിച്ച് കോവിഡ് പരിശോധന നടത്തിയിരിക്കണം എന്നാണ് ആരോഗ്യ വകുപ്പ് ജൂൺ 3ലെ സർക്കുലറിൽ ആശുപത്രികളോടു നിർദേശിച്ചിരുന്നത്.
കോവിഡ് കാലത്തിനു മുൻപു ചെറുതും വലുതുമായ 4500– 5000 ശസ്ത്രക്രിയകളാണു പ്രതിദിനം കേരളത്തിൽ നടന്നിരുന്നത്. ഏതാണ്ട് ഇത്രയും കോവിഡ് പരിശോധനകൾ ആരംഭിച്ചതോടെ സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം വൻതോതിൽ വർധിക്കുകയായിരുന്നു. പ്രത്യേക പരിചരണത്തിൽ കഴിഞ്ഞവരായിരിക്കും ശസ്ത്രക്രിയകൾക്ക് എത്തുന്നതിൽ ഭൂരിഭാഗവും എന്നതിനാൽ ഇതിൽ നിന്ന് പോസിറ്റിവ് ഫലത്തിനുള്ള സാധ്യത വളരെ കുറവുമാണ്.
ശസ്ത്രക്രിയയ്ക്കു മുൻപുള്ള പരിശോധനയുടെ തുക രോഗികൾ തന്നെയാണു വഹിക്കുന്നത്. കർണാടകയിൽ 2250 രൂപയ്ക്കും തമിഴ്നാട്ടിൽ 3000 രൂപയ്ക്കും കോവിഡ് പരിശോധന നടത്തുമ്പോൾ കേരളത്തിൽ പരമാവധി തുക 4500 ആയി നിശ്ചയിച്ചതു മാറ്റിയിട്ടില്ല.