തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്, എന്നാല്‍ അതിനൊപ്പം രോഗവ്യാപനം തടയേണ്ടതും ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 90 പേര്‍ക്ക് രോഗവിമുക്തി ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേര്‍ മരണമടഞ്ഞെന്നും വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം മൂന്ന് പേരാണ് രോഗബാധിതരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം എന്നിങ്ങനെയാണ് കണക്ക്.
തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം.
5876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 2697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1351 പേര്‍ ചികിത്സയിലുണ്ട്. 1,25307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1989 പേര്‍ ആശുപത്രികളിലാണ്.
ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 പരിശോധനാഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 33,559 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 32,300 നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക് ഡൗണ്‍ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര അനുവദിക്കുകയും ചെയ്തതോടെ ഇത് മൂന്നാംഘട്ടമാണ്.