സുപ്രീം കോടതിയിൽ വീണ്ടും ഞായറാഴ്ച വാദം: വിനോദ് ദുവയുടെ ഹർജി നാളെ പരിഗണിക്കും

0
317

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പടെ ഉള്ള ബി ജെ പി നേതാക്കള്‍ നടത്തിയ പ്രസ്താവനകൾ വാർത്ത പരിപാടിയിൽ പരാമര്‍ശിച്ചതിന് ഹിമാചൽ പ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് ദുവ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് മാരായ യു യു ലളിത്, എം ശാന്തനഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിനോദ് ദുവ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ബി ജെ പി വക്താവ് നവീൻ കുമാർ നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസിലെ അന്വേഷണവും ദുവയുടെ അറസ്റ്റും ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് ദുവയക്ക് എതിരെ ബി ജെ പി പ്രവർത്തകർ നൽകിയ പരാതിയിൽ ഹിമാചൽ പ്രദേശ് പോലീസ് രാജ്യദ്രോഹം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് ഹിമാചൽ പ്രദേശിൽ ഹാജരാകണം എന്നും ദുവയോട് പോലീസ് നിർദേശിച്ചിരുന്നു.

അടിയന്തിരമായി അറസ്റ്റ് തടയണം എന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ച ഹർജി ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. നാളെ രാവിലെ 11 മണിക്കാണ് ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ഹർജി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here