‘ഇന്ത്യക്കാരന്റെ ഇന്ത്യക്കുവേണ്ടിയുള്ള അഭിപ്രായങ്ങളാണ് എന്റേത്. ഞാന്‍ നിര്‍ത്തില്ല” ഇര്‍ഫാന്‍ പത്താന്‍

0
210

എക്കാലവും ഇന്ത്യക്കാരന്റെ ഇന്ത്യക്കുവേണ്ടിയുള്ള അഭിപ്രായങ്ങളാണ് തന്റേതെന്നും അഭിപ്രായം പറയുന്നത് തുടരുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വംശീയാധിക്ഷേപത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കിടെയാണ് വിശ്വാസപരമായ വേര്‍തിരിവുകളും വംശീയാധിക്ഷേപമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് ഇര്‍ഫാന്‍ പത്താന്‍ നിലപാട് സുവ്യക്തമാക്കിയത്.

ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ലോകമാകെ നടക്കുന്നുണ്ട്. ഇതിനിടെയാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞത്.

‘തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് നിങ്ങള്‍ മറ്റൊരു വിശ്വാസത്തില്‍ പെട്ടയാളാണെന്ന കാരണം പറഞ്ഞ് വീട് വാങ്ങാന്‍ അനുവദിക്കാത്തതും വിവേചനമാണ്’ എന്നായിരുന്നു ഇര്‍ഫാന്‍റെ ട്വീറ്റ്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് പത്താന്‍ നിലപാട് കൂടുതല്‍ വിശദീകരിച്ചത്. എക്കാലത്തും ഇന്ത്യക്കുവേണ്ടി ഇന്ത്യക്കാരന്റെ അഭിപ്രായങ്ങളാണ് താന്‍ പറയുന്നതെന്നും തുറന്നുപറച്ചില്‍ നിര്‍ത്തില്ലെന്നുമാണ് പത്താന്‍റെ പുതിയ ട്വീറ്റ്.

നേരത്തെ, ഐ.പി.എല്ലില്‍ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന്‍ ഡാരന്‍ സമ്മി തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമ്മിക്ക് അങ്ങനെ വംശീയാധിക്ഷേപം നേരിട്ട വിവരം അറിയില്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ സഹതാരങ്ങള്‍ രംഗത്തെത്തി. ഇതിന് മറുപടിയായി തന്നെ അധിക്ഷേപിച്ചവര്‍ക്ക് അത് ആരാണെന്നറിയാമെന്നും നേരിട്ട് സംസാരിച്ച് തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്തുകയോ മാപ്പു പറയുകയോ വേണമെന്ന് സമ്മി ആവശ്യപ്പെടുകയും ചെയ്തു.

സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വിശ്വാസപരമായ വിവേചനത്തെ കുറിച്ചുള്ള ട്വീറ്റും അഭിപ്രായങ്ങള്‍ പറയുന്നത് നിര്‍ത്തില്ലെന്ന നയം വ്യക്തമാക്കലും പുറത്തുവന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here