മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടുമാസത്തിലേറെ നീണ്ടുപോയതിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കുന്നതെന്നാണ് സൂചന. ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച രേഖകള്‍ പുതുക്കുന്നതിനാണ് ഈ സാവകാശമൊരുക്കുന്നത്.
മോട്ടോര്‍വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍, എല്ലാ വാഹനങ്ങളുടെയും പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടിനല്‍കാന്‍ നിര്‍ദേശിച്ച് കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം നേരത്തേ മാര്‍ഗരേഖ ഇറക്കിയിരുന്നു. എന്നാല്‍, ഈ സമയം അപര്യാപ്തമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമയം നീട്ടിയിരിക്കുന്നത്.
രേഖകള്‍ പുതുക്കുന്നതിനും മറ്റുമായി ആളുകള്‍ കൂട്ടത്തോടെ ബന്ധപ്പെട്ട ഓഫീസുകളിലെത്തുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രേഖകള്‍ പുതുക്കുന്നതിനുള്ള സമയം മേയ് 31 വരെയാണ് നീട്ടിയത്. അതിനുശേഷമാണ് ജൂണ്‍ 30-ലേക്കും പിന്നീട് ജൂലായിയിലേക്കും നീട്ടുകയായിരുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് റിപ്പോര്‍ട്ട്.