കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന് സമാനമായ നിരക്കിൽ വിമാനങ്ങൾ സജ്ജമാക്കി കെഎംസിസി. പ്രവസികളിൽ നിന്നും 19,800 രൂപ ഇൗടാക്കി മൂന്നു വിമാനങ്ങൾ വരും ദിവസങ്ങളിൽ ഷാർജയിൽ നിന്നും കോഴിക്കോട് എത്തുമെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. വന്ദേഭാരത് മിഷന്റെ തുക മാത്രമേ പ്രവാസികളിൽ നിന്നും ഇൗടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 11ന് രണ്ടു വിമാനങ്ങളും 12ന് ഒരു വിമാനവും കോഴിക്കോട്ട് പറന്നിറങ്ങും. ഇതിൽ 15 പ്രവാസികളെ സൗജന്യമായിട്ടാണ് എത്തിക്കുന്നത്. ഇൗ തുക കെഎംസിസി വഹിക്കും. ഇതിന് പിന്നാലെ 30 വിമാനങ്ങൾ കണ്ണൂരിലേക്ക് എത്തുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി കേരള സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിൽ നിന്നും ഉടൻ അനുമതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പ്രവാസികളെ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നാരോപിച്ച് കെ.എം.സി.സി പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിന് മുന്‍പില്‍ ഉപരോധ സമരം നടത്തി. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുക. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുക, പ്രവാസികളുടെ ക്വാറന്റീന്‍ സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.