ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ചിരുന്ന കാലത്ത് വംശീയ അധിക്ഷേപത്തിനിരയായെന്ന് കഴിഞ്ഞ ദിവസമാണ് വിന്‍ഡീസ് താരം വെളിപ്പെടുത്തിയത്. അന്ന് സമ്മിയെ അധിക്ഷേപിച്ചവരില്‍ ഒരു ഇന്ത്യന്‍ താരത്തെ സോഷ്യല്‍മീഡിയ കണ്ടെത്തി.
ഇഷാന്ത് ശര്‍മ്മയുടെ 2014ലെ ഇന്‍സ്റ്റഗ്രാം ചിത്രമാണ് സമ്മിയുടെ ആരോപണത്തിന് അടിവരയിടുന്നത്. സഹതാരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ഡേല്‍ സ്റ്റെയിന്‍, സമ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് പങ്കുവെച്ചിരിക്കുന്നത്. അതിന് ‘ഞാന്‍, ഭുവി, കാലു, ഗണ്‍ സണ്‍റേസേഴ്‌സ്’ എന്നാണ് അടിക്കുറിപ്പിട്ടിരിക്കുന്നത്. സഹതാരങ്ങള്‍ കാലു എന്ന് വിളിച്ചിരുന്നുവെന്ന സമ്മിയുടെ ആരോപണത്തിന് ഇതിലും വലിയ തെളിവെന്തുവേണം?
also read: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്
2013-14 സീസണില്‍ ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് സണ്‍റൈസേഴ്‌സിലെ സഹതാരങ്ങള്‍ തന്നെ ‘കാലു’ എന്ന് വിളിച്ചിരുന്നെന്നും അന്നത് അധിക്ഷേപമായി തിരിച്ചറിഞ്ഞില്ലെന്നും കഴിഞ്ഞ ദിവസമാണ് സമ്മി പറഞ്ഞത്. ആ വിളി അധിക്ഷേപമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വലിയ ദേഷ്യം തോന്നിയെന്നും സമ്മി പറഞ്ഞിരുന്നു.
തന്നെ അധിക്ഷേപിച്ച താരങ്ങള്‍ മുന്നോട്ടു വന്ന് സംസാരിക്കണമെന്നും തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ മാപ്പു പറയേണ്ടിവരുമെന്നും സമ്മി പുതിയ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കളിക്കാരുടെ പേര് പുറത്തുവിടുമെന്നും സമ്മി നിലപാടെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇഷാന്തിന്റെ പോസ്റ്റ് പുറത്തുവരുന്നത്.