കൊവിഡ് പരീശോധനയ്ക്കുളള കിറ്റ് എത്തിയില്ല, കാസർകോട് ജില്ലയിലെ ആന്റി ബോഡി ടെസ്റ്റ് ഇനിയും വൈകും

0
189

കാസർകോട്: കൊവിഡ് രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിൽ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള ആന്റി ബോഡി ടെസ്റ്റ് കാസർകോട് ജില്ലയിൽ ഇന്ന് തുടങ്ങാൻ കഴിഞ്ഞില്ല. ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റ് എത്താതിരുന്നത് കൊണ്ടാണ് ടെസ്റ്റ് ആരംഭിക്കാഞ്ഞത്. ആന്റി ബോഡി ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച ആശയകുഴപ്പം ജില്ലയിലെ അധികൃതർക്ക് ഉണ്ടെന്നാണ് അറിയുന്നത്.

ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ യോഗം ചേർന്നതിന് ശേഷം മാത്രമേ ആന്റിബോഡി ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കുകയുള്ളൂ. ഏതെല്ലാം ഭാഗത്താണ് ടെസ്റ്റ് ആദ്യം തുടങ്ങേണ്ടതെന്ന കാര്യവും യോഗത്തിന് ശേഷമാണ് തീരുമാനിക്കുക. കൈവിരലിൽ നിന്ന് രക്തത്തിന്റെ സാമ്പിൾ എടുത്താണ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ശരീരത്തിലുള്ള ദോഷവസ്തുക്കളെ കുറിച്ച് അറിയുന്നതിനാണിത്. രോഗം വ്യാപകമായ പ്രദേശങ്ങളിൽ രോഗലക്ഷണം കാണിക്കാതിരുന്ന ആളുകളിലും കൊവിഡ് പകരുന്നത് കണ്ടെത്തുകയാണ് ടെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. കാസർകോട് ജില്ലയിലേക്ക് 1000 കിറ്റുകൾ അയച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ കിറ്റ് ഇതുവരെ എത്തിയില്ലെന്നും തിങ്കളാഴ്ച എത്തുമെന്നാണ് കരുതിയതെന്നുമാണ് ഡി.എം.ഒ ഡോ. എ.വി രാംദാസ് പറഞ്ഞത്.

കാസർകോട് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 108 ആയിട്ടുണ്ട്. ജനുവരി 30 മുതൽ മെയ് 3 വരെയുള്ള ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയിൽ 178 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും മാർച്ചിൽ വിദേശത്തുനിന്ന് എത്തിയ 77 പേർക്കും സമ്പർക്കത്തിലൂടെ 31 പേർക്കും രോഗം സ്ഥിരീകരിച്ചു. എപ്രിൽ ഒന്ന് മുതൽ വിദേശത്തു നിന്നെത്തിയ 30 പേർക്കും സമ്പർക്കത്തിലൂടെ 39 പേർക്കുമാണ് രോഗബാധയുണ്ടായത്. ഈ 178 രോഗികളുടെയും രോഗം മെയ് പത്തോടെ ഭേദമായി ജില്ല കൊവിഡ് മുകത്മായിരുന്നു. മെയ് നാലിന് ശേഷം മൂന്നാം ഘട്ടത്തിൽ ജില്ലയിൽ ഇന്നലെ വരെ 150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ 139 പേർക്കും സമ്പർക്കത്തിലൂടെ 11 പേർക്കുമാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇതുവരെയായി 328 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 220 പേർക്ക് രോഗം ഭേദമായി. മൂന്നാം ഘട്ടത്തിൽ രോഗം ബാധിച്ച 42 പേർക്ക് ഇതിനകം രോഗം ഭേദമായി.

LEAVE A REPLY

Please enter your comment!
Please enter your name here