കര്‍ണാടകയില്‍ യെദിയൂരപ്പ യുഗം അവസാനിക്കുന്നുവോ?; പിന്‍ഗാമിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി; ആലോചനകള്‍ ഇങ്ങനെ

0
305

ബെംഗലൂരു: കര്‍ണാടകയില്‍ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എല്ലാവര്‍ക്കും സ്വീകാര്യനായ പിന്‍ഗാമിയെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കര്‍ണാടകയില്‍ നിന്നും സ്വീകാര്യനായ പിന്‍ഗാമി ആര് എന്ന ചോദ്യം ബി.ജെ.പിയെ കുഴപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലാമത് മുഖ്യമന്ത്രിയാവുന്ന യെദിയൂരപ്പ, കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി അധികാരം നേടിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് നേതൃത്വം പകരക്കാരനെ അന്വേഷിക്കുന്നത്. യെദിയൂരപ്പയ്ക്ക് പിന്നാലെയുള്ള നേതാക്കളാരും പ്രധാനിയാവാനുള്ള മികവ് പ്രകടിപ്പിക്കുന്നില്ല എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

‘കര്‍ണാടകയില്‍ യെദിയൂരപ്പയില്ലാത്ത ബി.ജെ.പിക്ക് പൂര്‍ണതയില്ല. എന്നാല്‍ ആ രാഷ്ട്രീയ സൂര്യാസ്തമയം സംഭവിക്കുന്നതിന് മുമ്പ് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് അനിവാര്യമാണ്. പക്ഷേ, തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ലിംഗായത്ത് കാരനായിരിക്കണം. എന്നാല്‍ മാത്രമേ ജനസമ്മതി നേടാനാവൂ’, ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

2019 ജൂലൈയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, മൂന്ന് രണ്ടാംഘട്ട നേതാക്കളെ നിയമിച്ചിരുന്നു. ലക്ഷ്മണ്‍ സവാഡി (ലിംഗായത്ത്) ഗോവിന്ദ് കര്‍ജോള്‍ (എസ്.സി), സി.എന്‍ അശ്വത് നാരായണന്‍ (വൊക്കലിഗ) എന്നിവരെയായിരുന്നു നിയമിച്ചിരുന്നത്. ഉപമുഖ്യമന്ത്രിമാരായിട്ടായിരുന്നു ഇവരുടെ നിയമനം. യെദിയൂരപ്പയില്‍നിന്നും പഠിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇതെങ്കിലും യെദിയൂരപ്പയുടെ നിഴലില്‍നിന്നും പുറത്തുവരാന്‍ മൂവര്‍ക്കും കഴിഞ്ഞിട്ടില്ല.

യെദിയൂരപ്പയുടെ പ്രവര്‍ത്തനരീതിയില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ആഭ്യന്തര കലഹത്തെക്കുറിച്ച് ബി.ജെ.പി നേതൃത്വം ബോധവാന്മാരാണെങ്കിലും, ഒരു ദശകത്തിലേറെ മുമ്പ് നടത്തിയ ശ്രമം ദിരന്തമായി മാറിയത് ഓര്‍മ്മയിലുള്ളതിനാല്‍ നേരിട്ട് വിയോജിപ്പുകളിലേക്ക് കടക്കാതെ ജാഗ്രതയോടെ കരുക്കള്‍ നീക്കാനാണ് ശ്രമം. പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാതെ വേണം തീരുമാനങ്ങളെടുക്കാന്‍ എന്നതും ബി.ജെ.പിക്ക് തലവേദനയാവുന്നുണ്ടെന്നാണ് വിവരം.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മനസ്സില്‍ വച്ചുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്ര നിര്‍ദ്ദേശം. ദക്ഷിണേന്ത്യ പിടിക്കാനുള്ള പ്രധാന കവാടമായിട്ടാണ് ബി.ജെ.പി കര്‍ണാടകത്തെ കാണുന്നത്.

ജൂണ്‍ 21 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി കുറച്ച് പേരുകള്‍ നിര്‍ദ്ദേശിക്കുമെന്നും കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, വി സോമണ്ണ, ബസവരാജ് ബോമ്മൈ, മുര്‍ഗേഷ് നിരാനി എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി ഇവരില്‍ പൂര്‍ണ തൃപ്തരല്ലെന്നാണ് സൂചന. യെദിയൂരപ്പയുടെ രാഷ്ട്രീയ പാരമ്പര്യം ഇവരിലാര്‍ക്കും കെല്‍പുള്ളതായി പാര്‍ട്ടി വിശ്വസിക്കുന്നില്ല. വിജയപുര എം.എല്‍.എ ബസന്നഗൗഡ പാട്ടീല്‍ യത്നാല്‍, ധാര്‍വാഡ് വെസ്റ്റ് എം.എല്‍.എ അരവിന്ദ് ബെല്ലാഡ് എന്നീ ലിംഗായത്ത് നേതാക്കളുടെ പേരും പരിഗണനയിലുണ്ട്.

യത്നാലിന്റെ ആര്‍എസ്എസ് വേരുകളും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള അനുഭവവുമാണ് അദ്ദേഹത്തെ പ്രസക്തനാക്കുന്നത്. ബെല്ലാഡിനെയാകട്ടെ, കര്‍ണാടകത്തിലെ ദേവേന്ദ്ര ഫഡ്നാവിസായാണ് പാര്‍ട്ടി കണക്കാക്കുന്നത്.

ബ്രാഹ്മണരായ പ്രഹ്ലാദ് ജോഷി (കേന്ദ്രമന്ത്രി), എസ്. സുരേഷ് കുമാര്‍ എന്നിവരും വൊക്കലിംഗ നേതാവ് ആര്‍ അശോക, എസ്.സി അംഗം അരവിന്ദ് ലിംബവല്ലി തുടങ്ങിയവരുമാണ് ലിംഗായത്ത് ഇതര പേരുകള്‍. ആര്‍.എസ്.എസിന്റെ മികച്ച പിന്തുണയുള്ളവരാണ് ഇവര്‍.

യഥാര്‍ത്ഥ മുഖ്യമന്ത്രിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നേരിടുന്ന ഇളയ മകന്‍ ബി.വൈ വിജയേന്ദ്രയ്ക്ക് വേണ്ടി യെദിയൂരപ്പ സ്ഥാനമൊഴിച്ചിടാന്‍ തീരുനമാനിച്ചിരിക്കുകയാണെന്ന വാദങ്ങളും ഉയരുന്നുണ്ടെങ്കിലും അതിന് എം.എല്‍.എമാരുടെ പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉറപ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here