ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സ്ട്രെച്ചറിൽ നിന്നു ശവക്കുഴിയിലേക്കു വലിച്ചെറിഞ്ഞു; ഒടിഞ്ഞു മടങ്ങിയ രീതിയിൽ കുഴിയിലേക്കു വീണ മൃതദേഹം അതേപടി മണ്ണിട്ടുമൂട്ടി. കോവിഡ് പേടിയുടെ പേരിൽ, മൃതദേഹത്തോടു പോലും ക്രൂരത അരങ്ങേറിയതു പുതുച്ചേരിയിൽ. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവിനാണ് (45) മാന്യമായ സംസ്കാരം നിഷേധിക്കപ്പെട്ടത്. പുതുച്ചേരി ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ചെന്നൈ തൗസൻഡ് ലൈറ്റ്‌സിൽ താമസിക്കുന്ന മുത്തുവിന്റെ ഭാര്യ പുതുച്ചേരി സ്വദേശിയാണ്. ലോക്ഡൗണിനു മുൻപ് വീട്ടിൽ പോയ അവർ അവിടെ കുടുങ്ങിയതോടെ, 2 ദിവസം മുൻപ് മുത്തു കാറിൽ ഇവിടെ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തളർന്നു വീണു. ഹൃദയാഘാതമായിരുന്നു മരണ കാരണമെങ്കിലും പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ്.
കോവിഡ് ചട്ടം പാലിച്ചാണു ശ്മശാനത്തിലേക്കു മൃതദേഹം എത്തിച്ചത്. കുടുംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ, അവിടെയെത്തിയ ശേഷം മൃതദേഹം 15 അടി താഴ്ചയിലെടുത്ത കുഴിയിലേക്കു വലിച്ചെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിലാരോ പകർത്തിയ വിഡിയോയിലൂടെയാണു സംഭവം പുറത്തറിഞ്ഞത്.
സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമായതിനാൽ എല്ലാവരും ഭയത്തിലായിരുന്നുവെന്നും അതുകൊണ്ടു സംഭവിച്ച വീഴ്ചയാണെന്നും പുതുച്ചേരി ആരോഗ്യ സെക്രട്ടറി മോഹൻ കുമാർ പറഞ്ഞു. കർശന നടപടി സ്വീകരിച്ചതായും അറിയിച്ചു.