ഭോപാല്‍: മൂന്ന് മാസം മുമ്പാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ കോളിക്കങ്ങള്‍ സൃഷ്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയത്. 15 മാസം മാത്രം പ്രായമുണ്ടായിരുന്ന കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഇത്.
ഇതിന് ആക്കം കൂട്ടി സിന്ധ്യയുടെ അടുത്ത അനുയായി ബി.ജെ.പി വിട്ടു. സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട എം.എല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാനാധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ഇദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിച്ചു.
സിന്ധ്യ ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നും ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യന്ദ്ര വ്യക്തമാക്കി.
സിന്ധ്യയുടെ അനുയായികളില്‍ പലരും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണം എന്ന താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംഘ് സംസ്‌കാരത്തില്‍ തുടരാന്‍ കഴിയുന്നില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന കാര്യം.
ബി.ജെ.പി അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ശിവരാജ് സിങ് ചൗഹാന്‍ ഒരു മാസത്തിലേറെയായി മന്ത്രിസഭ വിപുലീകരണം നീട്ടിവച്ചുകൊണ്ടിരിക്കുമ്പോഴും ജ്യോതിരാദിത്യ സിന്ധ്യ നിശബ്ദത തുടരുകയാണ്. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചതിനുള്ള പ്രതിഫലം ബി.ജെ.പിയില്‍നിന്നും കിട്ടുന്നില്ലെന്ന പരാതി സിന്ധ്യയ്ക്ക് ഉണ്ടെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
തന്റെ അനുയായികളായ പത്തുപേരെ ചൗഹാന്‍ മന്ത്രിസഭയില്‍ അംഗങ്ങളാക്കുമെന്നാണ് സിന്ധ്യയുടെ പ്രതീക്ഷയെങ്കിലും കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ആറ് പേരെ മാത്രമെ ചൗഹാന്‍ പരിഗണിച്ചിട്ടുള്ളു.
അതിനിടെ സിന്ധ്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ അടുപ്പക്കാരനാണ് രാജിവെച്ച ബാലേന്ദു ശുക്ല. ഗ്വാളിയോറില്‍നിന്നുള്ള നേതാവാണ് 70 കാരനായ ശുക്ല. കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ 13 വര്‍ഷത്തോളം മന്ത്രിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ശുക്ല കമല്‍നാഥിന്റെ വീട്ടിലെത്തി പി.സി.സി അംഗത്വമെടുത്തു. ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നായിരുന്നു ശുക്ല നേരത്തെ കോണ്‍ഗ്രസ് വിട്ടതെന്നും സിന്ധ്യ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം മടങ്ങി വന്നതെന്നും കമല്‍നാഥ് പറഞ്ഞു. 24 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശുക്ലയെ മത്സരിപ്പിച്ചേക്കും എന്ന അഭ്യൂഹങ്ങളുണ്ട്.