ചെന്നൈ: ‘എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡുമായാണ് വരുന്നതെന്ന ധാരണയുണ്ട്. രണ്ടു സര്‍ക്കാരും ട്രെയിന്‍ സര്‍വീസ് നടത്തിയില്ല.’ കേരളത്തിലേക്ക് മടങ്ങാനാകാത്ത വിഷമത്തില്‍ ചെന്നൈയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷാണ് (41) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പോകാനാരിക്കെയാണ് യാത്ര റദ്ദായ വിഷമത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ബിനീഷിനെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയില്‍നിന്ന് വരേണ്ടെന്ന് നാട്ടില്‍നിന്ന് ആരോ ഫോണില്‍വിളിച്ച് ബിനീഷിനോട് പറഞ്ഞതായി അറിയുന്നു. ഇതിന്റെ മനോവിഷമത്തില്‍ യാത്രവേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് വിവരം. ബിനീഷിന് കേരളത്തിലേക്കുള്ള പാസ് ലഭിച്ചിരുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും ഇതിനുശേഷം ബിനീഷ് അസ്വസ്ഥനായിരുന്നുവെന്നും മുറിയിലുള്ളവര്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ബസ് പോയ ശേഷമാണ് ആത്മഹത്യ ചെയ്തത്.
”ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം. നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്”.
ഇതാണ് ബിനീഷിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍. ആത്മഹത്യക്കുറിപ്പിനൊടൊപ്പം അമ്മയുടെ ഫോണ്‍ നമ്പറും ബിനീഷ് എഴുതിവെച്ചിട്ടുണ്ട്. കഴിഞ്ഞ 30-നാണ് മലയാളിസംഘടനവഴി ബിനീഷ് നാട്ടിലേക്കുള്ള യാത്രാപാസിന് അപേക്ഷിച്ചത്.
പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസില്‍ ബിനീഷിന് യാത്രാസൗകര്യമൊരുക്കി. എന്നാല്‍, നാട്ടില്‍ നിന്ന് വന്ന ഫോണ്‍കോളിനെ തുടര്‍ന്ന് അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. ബിനീഷ് എത്തുമെന്നതിനാല്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നതിനായി വടകരയിലെ വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നുവെന്ന് സഹോദരീഭര്‍ത്താവ് സജീവന്‍ പറഞ്ഞു. ബിനീഷിന്റെ ഭാര്യയും മകളും ഭാര്യയുടെ വീട്ടിലായിരുന്നു. പ്രായമായ അമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍ച്ചിരുന്നതാണെന്നും സജീവന്‍ പറഞ്ഞു.
ബിനീഷ് മൂന്നുവര്‍ഷമായി ചെന്നൈയില്‍ ചായക്കടകളില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ സെവന്‍ വെല്‍സ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകള്‍ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.