ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരിക്കല്‍ കൂടി ഭാഗ്യം മലയാളിയെ കടാക്ഷിച്ചു. 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിനായി ഇന്ന് നടന്ന 216-ാം സീരിസ് നറുക്കെടുപ്പിലൂടെ മലയാളിയായ അസൈന്‍ മുഴിപ്പുറത്ത് കോടീശ്വരനായി മാറി. അജ്മാനില്‍ താമസിക്കുന്ന അദ്ദേഹം കഴിഞ്ഞ മേയ് 14നാണ് 139411 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്തത്. ഒറ്റയ്ക്കെടുത്ത ടിക്കറ്റായതിനാല്‍ സമ്മാനം ലഭിക്കുന്ന 24 കോടിയിലധികം രൂപ അസ്സൈന് സ്വന്തം.
20 വര്‍ഷമായി അജ്മാനില്‍ പ്രവാസിയായ അസ്സൈന്‍ ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരികയാണ്. 24 കോടിയുടെ സമ്മാനം ലഭിച്ച സ്ഥിതിക്ക് ഇനി എന്താണ് ചെയ്യാന്‍ പോകുന്ന ചോദ്യത്തിന് ഞാനെന്റെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോയി അവിടെ ജീവിക്കുമെന്ന ഒറ്റ ഉത്തരം മാത്രമാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിനുള്ളത്. വിജയത്തിന് അവസരമൊരുക്കിയ ബിഗ് ടിക്കറ്റിന് അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ന് നടന്ന ഡ്രീം കാര്‍ ജീപ്പ് ചെറോക്കി 216-ാം സീരിസ് നറുക്കെടുപ്പിലും ഇന്ത്യക്കാരന് തന്നെയായിരുന്നു ഒന്നാം സമ്മാനം. 001858 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ഷിനു രാജനാണ് സ്വപ്ന വാഹനം സ്വന്തമാക്കിയത്. അസ്സൈനും ഷിനുവിനും പുറമെ മറ്റ് മൂന്ന് ഇന്ത്യക്കാര്‍ കൂടി ഇന്ന് ബിഗ് ടിക്കറ്റില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഇന്ത്യക്കാരനായ ശ്രീഹര്‍ഷ പ്രസാദിന് 104019 നമ്പറിലൂടെ രണ്ടാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്.
പാകിസ്ഥാന്‍ പൗരനായ ഹസ്റത്ത് നബിക്കാണ് മൂന്നാം സമ്മാനം. 245372 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ അദ്ദേഹത്തിന് 90,000 ദിര്‍ഹമാണ് ലഭിച്ചത്. നാലാം സമ്മാനം നേടിയ ഈജിപ്ഷ്യന്‍ പൗരന്‍ മുഹമ്മദ് മോര്‍ഗന് 80,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഇസ്‍മാഈല്‍ ഫസലുറഹ്‍മാന് 70,000 ദിര്‍ഹവും ലഭിച്ചു.
ആറും ഏഴും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. 244544 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത ഷജീന്ദ്ര ദാസിന് ആറാം സമ്മാനമായി 60,000 ദിര്‍ഹം ലഭിച്ചു. ഏഴാം സമ്മാനം നേടിയ ഗോകുല്‍ദേവ് വാസുദേവന് 50,000 ദിര്‍ഹമാണ് സമ്മാനം. 185202 എന്ന നമ്പറിലൂടെയാണ് അദ്ദേഹം വിജയിയായത്.
വിജയികള്‍ക്ക് ബിഗ് ടിക്കറ്റ് അധികൃതര്‍ അഭിനന്ദനം അറിയിച്ചു. ഒന്നര കോടി ദിര്‍ഹത്തിനായുള്ള അടുത്ത നറുക്കെടുപ്പ് ജൂലൈ മൂന്നിനാണ് നടക്കാനിരിക്കുന്നത്. ഇതിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം. ഭാഗ്യവാന്മാര്‍ക്ക് സമ്മാനം ലഭിക്കാന്‍ മുമ്പെങ്ങുമില്ലാത്തത്ര അവസരങ്ങളാണ് ഒരുങ്ങുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചിരുന്നു. ബിഗ് ടിക്കറ്റിന്റെ ചരിത്രിലാദ്യമായി അടുത്ത തവണ 15 സമാശ്വാസ സമ്മാനങ്ങളുണ്ടാകും. 25,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയായിരിക്കും ഈ സമ്മാനങ്ങള്‍.