ഗുവാഹട്ടി: സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ വീട്ടുജോലിക്കാരിയെ ടിക് ടോക് വീഡിയോ കുടുക്കി. അസമിലെ ജോര്‍ഹത്ത് ജില്ലയിലെ ഒരു വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളുമായി കടന്നുകളഞ്ഞ യുവതിയെയാണ് സ്വന്തം ടിക് ടോക് വീഡിയോ തന്നെ ചതിച്ചത്. ഒടുവില്‍ പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.
ജോര്‍ഹത്തിലെ സൂരുജ് നഗര്‍ സ്വദേശി നബ്‌ജ്യോതി പായേങ്ങിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സുമി കാലിത (29) എന്ന യുവതിയെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടില്‍ പരിശോധിച്ചപ്പോള്‍ ഭാര്യയുടെയും മകന്റെയും സ്വര്‍ണാഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും വാച്ചുകളുമടക്കമാണ് യുവതി കടന്നുകളഞ്ഞതെന്ന് ഗൃഹനാഥന് മനസിലായി. ഉടന്‍ തന്നെ പായേങ്ങും ഭാര്യയും പുലിബോര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി.
പോലീസില്‍ പരാതി നല്‍കി എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഒരു ടിക് ടോക് വീഡിയോ പായേങ്ങിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വീട്ടില്‍നിന്ന് മോഷണം പോയ അതേ ആഭരണങ്ങളും വസ്ത്രങ്ങളുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ആ ടിക് ടോക് വീഡിയോ പരിശോധിച്ചപ്പോള്‍ വീട്ടുജോലിക്കാരിയായ യുവതിയാണെന്നും പിടികിട്ടി. പക്ഷേ, അക്കൗണ്ടിലെ പേര് മറ്റൊന്നായിരുന്നു. എന്തായാലും പായേങ്ങ് ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു.
ഒടുവില്‍ പുലിബാര്‍ പോലീസിന്റെ നിര്‍ദേശമനുസരിച്ച് ബിശ്വനാഥ് ജില്ലയില്‍നിന്ന് യുവതിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴായിരുന്നു അടുത്ത പൊല്ലാപ്പ്. തന്റെ പേര് സുമി കാലിത എന്നല്ലെന്നും അനാമിക ലാഹോണ്‍ എന്നാണെന്നും യുവതി പറഞ്ഞു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ യുവതി ഇത്തരത്തില്‍ ഒട്ടേറെ പേരുകളിലാണ് പലയിടത്തും അറിയപ്പെട്ടിരുന്നത് പോലീസ് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെയും പിതാവിനെയും പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി നേരിട്ട് കണ്ടിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ ജോര്‍ഹാത്ത് പോലീസിന് കൈമാറുമെന്ന് ബിശ്വനാഥ് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.