ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ഡൗൺ തുടരും. ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ അനുവദിക്കും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ എട്ടുമുതൽ തുറക്കാം.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയും തുറക്കാം. ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ചായിരിക്കണം ഇവ പ്രവർത്തിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക. സ്കൂളുകളും കോളജുകളും തുറക്കുന്നത് സംസ്ഥാനങ്ങളോട് ആലോചിച്ച് തീരുമാനിക്കും.
സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതി നൽകും. ഇതിന് മുൻകൂർ അനുമതിയോ ഇ–പാസോ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാര്‍ അറിയിച്ചു. എന്നാൽ അതത് സംസ്ഥാന സർക്കാരുകൾക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും.
രാത്രി 9 മുതൽ രാവിലെ 5 മണിവരെ യാത്രാ നിരോധനം ആയിരിക്കും. 65 വയസ്സിനു മുകളിലും 10 വയസ്സിൽ താഴെയും പ്രായമുള്ളവർ വീടുകളിൽ തന്നെ കഴിയണം. അടിയന്തര ആവശ്യങ്ങൾക്കു മാത്രം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്കു പുറത്തിറങ്ങാം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും.
മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാം ഘട്ടത്തിൽ തീരുമാനിക്കാം.