ഗൊരഖ്പൂർ: മനുഷ്യരുടെ ക്രൂരതയുടെ തെളിവാകുകയാണ് ഒരു ചോരക്കുഞ്ഞ്. ഉത്തർപ്രദേശിലെ സൊനൗര ഗ്രാമത്തിലെ തൊഴിലാളികളാണ് മൺകൂനയിൽ രണ്ട് കുഞ്ഞിക്കാലുകൾ പൊങ്ങി നിന്നത് കണ്ടത്. എവിടെയോ നേർത്ത കരച്ചിൽ കേട്ട ദിക്കിലേക്ക് അവർ ഓടിയെത്തി. സംശയം തോന്നി ചെളിക്കൂന നീക്കി നോക്കിയപ്പോൾ വായ നിറയെ മണ്ണുമായി തെളിഞ്ഞുവന്നതു ജീവനുള്ളൊരു ആൺ കുഞ്ഞ്.
യുപിയിലെ സിദ്ധാർത്ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണ് ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞിന് പുനർജന്മം ലഭിച്ചത്. നിർമ്മാണം നടക്കുന്ന വീടിനോട് ചേർന്ന് കാടുപിടിച്ച സ്ഥലത്തുളള മൺകൂനയിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ചുറ്റുമുള്ള മണ്ണ് ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണർ സമീപത്തെ ആശുപത്രിയിലേക്കോടി.
വായിലും മൂക്കിലും മണ്ണുപോയതിനാൽ ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടർമാരുടെ ആശങ്ക. ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി. പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.