രാജ്യത്ത് ഒരു ദിവസം 7,466 പുതിയ രോഗികൾ, വൻ വർധന, മരണസംഖ്യയിൽ ചൈനയെ മറികടന്നു

0
205

ദില്ലി: (www.mediavisionnews.in) രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകളാണ്. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിൽ മരണത്തിന് കീഴടങ്ങിയത് 175 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 4706 ആയി. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. 

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതൽ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ സംസ്ഥാനസർക്കാരുകളുടെ വെബ്സൈറ്റുകളും അമേരിക്കയുടെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ സമഗ്രമായ ഡാഷ്ബോർഡും കണക്കുകൂട്ടിയാൽ ഇന്ത്യയിലെ മരണസംഖ്യ ആശങ്കാജനകമാം വിധം കൂടുകയാണ്.

1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈന പുറത്തുവിട്ട എണ്ണത്തേക്കാൾ ഇരട്ടി വരുമിത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. മരണസംഖ്യയിൽ പക്ഷേ, ചൈനയെയും ഇന്ത്യ മറികടക്കുന്നു എന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. രാജ്യത്ത് ഇതുവരെ മരണം 4706 ആണെങ്കിൽ, ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം 4638 ആണ്.

ഡിസംബറിലാണ് ചൈനയിൽ ആദ്യത്തെ നോവൽകൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വുഹാനിൽ നിന്ന് ആ വൈറസ് ലോകത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും പടർന്നു. 59 ലക്ഷം പേരെയാണ് രോഗം ഇതുവരെ ബാധിച്ചത്. മൂന്നരലക്ഷത്തോളം പേർ മരിച്ചു. ചൈനയിൽ രോഗം നിയന്ത്രണവിധേയമാണ് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒരു മാസം, മുൻപത്തേതിനെ അപേക്ഷിച്ച്, വളരെക്കുറവ് രോഗികൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ അമേരിക്ക തന്നെയാണ്. 17 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീൽ, റഷ്യ, യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവയാണ് ഇന്ത്യയേക്കാൾ രോഗികളുള്ള രാജ്യങ്ങൾ. രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ പതിനാലാമതാണ് ചൈന. ഇറാനും, പെറുവിനും കാനഡയ്ക്കും താഴെ. 

മരണസംഖ്യയിലും ഒന്നാമത് അമേരിക്ക തന്നെ. രണ്ടാമത് യുകെയും. പിന്നാലെ ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, ബ്രസീൽ, ബെൽജിയം, മെക്സിക്കോ, ജർമനി, ഇറാൻ എന്നീ രാജ്യങ്ങളാണുള്ളത്. ഈ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണുള്ളത്. കാനഡയും നെതർലൻഡ്സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളിൽ.

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയ ഈ മാസമാണ് ഇന്ത്യയിൽ കേസുകളുടെ എണ്ണം കുതിച്ചുയർന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേക തീവണ്ടികളിലും വിമാനങ്ങളിലുമായി പ്രവാസികളും വിവിധ നഗരങ്ങളിൽ നിന്ന് കുടിയേറ്റത്തൊഴിലാളികളും നാട്ടിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം പ്രത്യേകിച്ച് എണ്ണം കുത്തനെ കൂടി. ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയല്ലാതെ, രോഗബാധ തടയാൻ ഫലപ്രദമായ മറ്റൊരു നടപടികളും വ്യവസായനഗരങ്ങൾ കൂടിയായ മെട്രോ നഗരങ്ങളിൽ സർക്കാർ സ്വീകരിച്ചില്ല എന്നതിന്‍റെ തെളിവായി മുംബൈ, ദില്ലി, ചെന്നൈ എന്നീ നഗരങ്ങളിലെ രോഗവ്യാപനത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

മാർച്ച് 24 മുതലാണ് രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്നത്. 21 ദിവത്തേക്കുള്ള ലോക്ക്ഡൗണാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും അത് മൂന്ന് തവണ നീട്ടി, നാലാംഘട്ടം മെയ് 31 വരെ തുടരുകയാണ്. ഇതും നീട്ടാനാണ് സാധ്യതയെന്നാണ് സൂചന. പക്ഷേ കൂടുതൽ ഇളവുകളുണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ഇന്നലെ ഉന്നതതലയോഗവും വിളിച്ച് ചേർത്തിരുന്നു. രാജ്യത്ത് സ്ഥിതി ഏറ്റവും ഗുരുതരമായ 13 നഗരങ്ങളിലെ മുൻസിപ്പൽ കമ്മീഷണർമാരുമായും ജില്ലാ മജിസ്ട്രേറ്റുമാരുമായും നിലവിലെ സാഹചര്യം വിലയിരുത്താൻ ചർച്ച നടത്തുകയും ചെയ്തു. 

ഇതുവരെ ഇന്ത്യ ഏതാണ്ട് 33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത് എന്നാണ് കണക്ക്. ഇന്ത്യയുടെ ജനസംഖ്യയെ അപേക്ഷിച്ച് വളരെ കുറവ് ജനസംഖ്യയുള്ള അമേരിക്കയിൽ 1.5 കോടി ടെസ്റ്റുകൾ നടന്നിട്ടുണ്ട്. റഷ്യയിൽ ഏതാണ്ട് 97 ലക്ഷം ടെസ്റ്റുകൾ നടത്തി, ജർമനിയിൽ ഏതാണ്ട് 40 ലക്ഷം, ഇറ്റലിയിൽ ഏതാണ്ട് 36 ലക്ഷം, സ്പെയിനിൽ ഏതാണ്ട് 35 ലക്ഷം എന്നതാണ് കണക്കുകൾ. ജനസംഖ്യയെ അപേക്ഷിച്ചുള്ള ടെസ്റ്റുകളുടെ കണക്കിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ ആദ്യ നൂറിൽപ്പോലും എത്തില്ലെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here