കാസർകോട്: കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന വേളയിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ കണ്ടൈൻമെൻറ് സോണുകളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നു.
വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ പട്ടിക പ്രകാരം പൈവളികെ പഞ്ചായത്തിലെ 3 , 4 വാർഡുകൾ, കള്ളാർ പഞ്ചായത്തിലെ 4 ആം വാർഡ്, കാസർകോട് നഗരസഭയിലെ 4 , 23 വാർഡുകൾ, കോടോം ബേളൂർ പഞ്ചായത്തിലെ 14 ആം വാർഡ് , വൊർക്കാടി പഞ്ചായത്തിലെ 1 , 2 വാർഡുകൾ, മീഞ്ച പഞ്ചായത്തിലെ 2 ആം വാർഡ്, മംഗൽപാടി പഞ്ചായത്തിലെ 11 ആം വാർഡ്, മധൂർ പഞ്ചായത്തിലെ 7 ആം വാർഡ്, ഉദുമ പഞ്ചായത്തിലെ 9 ആം വാർഡ്, മഞ്ചേശ്വരം പഞ്ചായത്തിലെ 11 ആം വാർഡ് എന്നിവയാണ് കാസർകോട് ജില്ലയിലെ കണ്ടൈൻമെൻറ് പ്രദേശങ്ങൾ.
രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൌൺ വേളയിൽ അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കണ്ടൈൻമെൻറ് സോൺ പ്രഖ്യാപിക്കുന്നതിന് പകരം വാർഡ് അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ദിവസം തോറും പുറത്തിറക്കുന്ന പട്ടികയിൽ ഇത് പ്രകാരം വാർഡ് തിരിച്ചാണ് കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിക്കുന്നത്.
എന്നാൽ കാസർകോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടൈൻമെൻറ് സോൺ പട്ടികയിൽ ആശയക്കുഴപ്പമെന്ന പരാതിയും ഉയരുന്നുണ്ട്. കാസർകോട് നഗരസഭയിലെ 23 ആം വാർഡായ തളങ്കര പള്ളിക്കാലിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും പട്ടികയിൽ ഉൾപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതേ സമയം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ചില പ്രദേശങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുമില്ല.