തിരുവനന്തപുരം: ചായക്കടയിലേയും ജ്യൂസ് കടകളിലേയും കുപ്പിഗ്ലാസ്സുകൾ രോഗപ്പകർച്ചയുണ്ടാക്കുമെന്ന മുന്നറിയിപ്പുമായിു മുഖ്യമന്ത്രി പിണറായി വിജയൻ. ഉപയോഗിക്കുന്ന ഓരോ തവണയും കുപ്പി ഗ്ലാസ് അണുനശീകരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
“ലോക്ക് ഡൗണിൽ ഇളവുകൾ നൽകി കടകൾ തുറന്നപ്പോൾ ജ്യൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പിഗ്ലാസ്സുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും അണുനശീകരണം നടത്തിയില്ലെങ്കിൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. ബക്കറ്റിൽ വെള്ളം വെച്ച് കുടിച്ച ഗ്ലാസ്സ് അതിൽ വെറുതെ മുക്കി വീണ്ടും ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യം ഗൗരവമായി കണ്ട് നടപടികൾ സ്വീകരിക്കണം” -മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് 67 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് രോഗം ബാധിച്ചവരിൽ 27 പേർ വിദേശതതു നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയും രോഗമുണ്ടായി.
ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, കാസർഗോഡ്, ആലപ്പുഴ മൂന്നു വീതം, കൊല്ലം, തൃശൂര്‍ നാല് വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.