കോഴിക്കോട് ∙ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ആമിനയാണ് (53) മരിച്ചത്. നാല് ദിവസം മുൻപാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതയായിരുന്ന ഇവർ 20ന് ദുബായിൽനിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെവച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അർബുദം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിച്ചിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതൽ വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടങ്ങിയിരുന്നു. ഇവർക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഖബറടക്കം കോഴിക്കോട് നടത്തും.
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവും ഞായറാഴ്ച മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ വാടിക്കൽ സ്വദേശി റിബിൻ ബാബു (18) ആണ് മരിച്ചത്. പനിയും ചർദ്ദിയും ഉണ്ടായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു. മരണ കാരണം ഹൃദയാഘാതം ആണെന്നാണു പറയുന്നത്. മരണ ശേഷം സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.