മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും

0
158

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നടത്തും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് രണ്ട് മാസത്തോളം നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. മെയ് 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘ആഭ്യന്തര സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 25 തിങ്കളാഴ്ച മുതല്‍ കാലിബ്രേറ്റ് രീതിയില്‍ പുനരാരംഭിക്കും. എല്ലാ വിമാനത്താവളങ്ങളേയും വിമാനകമ്പനികളേയും മെയ് 25 മുതല്‍ പ്രവര്‍ത്തനത്തിന് തയ്യാറാകാന്‍ അറിയിച്ചിട്ടുണ്ട്’ ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 25നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചത്.

വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 31 വരെ നീട്ടിയിരുന്നു. എന്നാല്‍, വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്നകാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികളെ അടുത്തിടെ അറിയിച്ചിരുന്നു.

രാജ്യത്ത് നിലവില്‍ ചരക്ക് വിമാനങ്ങളും പ്രവാസികളെ എത്തിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here