വിജയവാഡ (www.mediavisionnews.in) : ടിക് ടോക്കിൽ അനാവശ്യനായി സമയം കളയുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞതിന് പിന്നാലെ ഭാര്യയും മകനും ആത്മഹത്യ ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിൽ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും (35) മകനുമാണ് ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭർത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മിൽ തർക്കം ഉണ്ടായെന്ന് ഇൻസ്പെക്ടർ മുഹമ്മദ് ഉമർ പറഞ്ഞു. എന്നാൽ, ഭാര്യയുടെ ടിക് ടോക് ഭ്രമത്തെ ചൊല്ലിയായി പിന്നീട് തർക്കം.
“രണ്ട് മാസം മുമ്പ്, കുടുംബത്തിന് ഒരു വാഹനാപകടമുണ്ടായി, ഗുരുതരമായി പരിക്കേറ്റതോടെ ചികിത്സയ്ക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ ചെലവ് വന്നു. ചികിത്സാ ചെലവുകൾ നടത്താൻ ബാങ്കിൽ നിന്ന് വായ്പ എടുത്തു. എന്നാൽ ലോക്ക്ഡൗണിൽ ജൂവലറി ഷോപ്പുകൾ അടച്ചിട്ടതിനാൽ ഷംസുദ്ദീന് ജോലി നഷ്ടപ്പെട്ടു”എന്ന് മുഹമ്മദ് ഉമർ പറയുന്നു. ഇതോടെ കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെയാണ് കുടുംബം കടന്നുപോയത്.
അതിനിടെയിലാണ് ഇത്തരം അനാവശ്യകാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതെന്നും ഭാര്യയെ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ഇതോടെ സ്വർണം മിനുക്കാനായി സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് സയനൈഡ് കുടിച്ച് കരീമ ജീവനൊടുക്കുക ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ, അമ്മയുടെ മരണം കണ്ട് നിന്ന 16 വയസുള്ള മകനും അതേ കുപ്പിയിലെ സയനൈഡ് കുടിച്ച് ജീവനൊടുക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി. അടുത്തിടെയാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക