വിവിധ ജില്ലകളിൽ നിന്നായി നാല്‌‌പേരെ വിവാഹം കഴിച്ചു, കൊവിഡ് കാലത്ത് ബന്ധുക്കളറിയാതെ അഞ്ചാം കെട്ടിനിറങ്ങി, വിവാഹ വീരൻ പിടിയിലായത് ഇങ്ങനെ

0
187

ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത് അഞ്ചാം വിവാഹത്തിനിറങ്ങിയ വിവാഹ വീരനെ കരീലകുളങ്ങരയിൽ നിന്ന് പൊലീസ് പൊക്കി. കൊല്ലം മുഖത്തല സ്വദേശി ഖാലിദ് കുട്ടിയാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞദിവസം ഹരിപ്പാട് വച്ചാണ് ഇയാൾ പിടിയിലായത്.വീട്ടുകാരോ ബന്ധുക്കളോ അറിയാതെ ഹരിപ്പാടിന് സമീപത്ത് നിന്ന് അഞ്ചാം വിവാഹം കഴിക്കാൻ തീരുമാനിച്ച ഇയാളെ രഹസ്യവിവരം ലഭിച്ച നാലാമത്തെ ഭാര്യയായ തൃശൂർ ചാവക്കാട് സ്വദേശിനിയായ യുവതി പൊലീസ് സഹായത്തോടെ കുടുക്കുകയായിരുന്നു.കരീലകുളങ്ങര പൊലീസ് പിടികൂടിയ ഖാലിദ് കുട്ടിയെ വിശദമായ അന്വേഷണത്തിനായി തൃശൂർ വടക്കേക്കാട് പൊലീസിന് കൈമാറി.

വിവാഹസൈറ്റുകൾ വഴിയാണ് ഇയാൾ പെൺകുട്ടികളുമായും വീട്ടുകാരുമായും ബന്ധമുണ്ടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് തട്ടിപ്പിനിരയാക്കുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹപരസ്യം നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യവിവാഹമെന്ന നിലയിലാണ് പരസ്യം നൽകുക.

കുടുംബ പ്രാരാബ്ധങ്ങൾ കാരണം വിവാഹം കഴിക്കാൻ വൈകിയെന്നും പുനർവിവാഹിതരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പരിഗണിക്കുമെന്നും പരസ്യത്തിൽ വെളിപ്പെടുത്തും. ലോറി സർവ്വീസ് ഉടമ, റിയൽ എസ്റ്റേറ്റ് ബിസിനസ്, ബ്രോക്കർ തുടങ്ങിയ നിലയിലാണ് പരസ്യങ്ങൾ നൽകുക. പരസ്യത്തിനൊപ്പം നൽകുന്ന ഫോൺ നമ്പരിൽ പെൺകുട്ടികളുടെ വീട്ടുകാർ ബന്ധപ്പെട്ടാലുടൻ അവരുടെ വീടുകളിലെത്തി പെണ്ണ് കാണൽ ചടങ്ങ് നടത്തും..

തനിച്ചാകും പെണ്ണ് കാണാനെത്തുക. ബാപ്പ മരിച്ചുപോയെന്നും അവശനിലയിൽ കഴിയുന്ന ഉമ്മയല്ലാതെ വീട്ടിൽ മറ്റാരുമില്ലെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഇയാൾ ബിസിനസുമായി ബന്ധപ്പെട്ട് തൽക്കാലം വാടകയ്ക്ക് താമസമാണെന്നും ധരിപ്പിക്കും. സ്ത്രീധനമായി പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാറില്ല. പെൺകുട്ടിക്ക് വീട്ടുകാർ കൊടുക്കാൻ ഇഷ്ടപ്പെടുന്നതെന്തായാലും അത് മതിയെന്ന് പറഞ്ഞ് നിശ്ചയമോ മറ്റ് ചടങ്ങുകളോ കൂടാതെ ലളിതമായി വിവാഹം നടത്തിയാൽ മതിയെന്ന് പറയും. വിവാഹം കഴിച്ചാൽ അവരുമായി ഏതാനും മാസം സന്തോഷത്തോടെ കഴിയും. ഇതിനിടെ ബിസിനസ് മുതൽമുടക്കിനെന്ന പേരിൽ ഭാര്യയുടെ സ്വർണവും പണവും കൈക്കലാക്കിയാൽ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ മുങ്ങും. ഇത്തരത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ നാല് സ്ത്രീകളെയാണ് ഖാലിദ് കുട്ടി ചതിച്ചതെന്ന് കരീലകുളങ്ങര പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ബിസിനസാണെന്ന് പറഞ്ഞാണ് ചാവക്കാട് സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ എട്ട് പവൻ ആഭരണവും 7,0000 രൂപയുമായി ഇയാൾ മുങ്ങിയതോടെ യുവതി പരാതിയുമായി രംഗത്തെത്തുകയായിരുന്നു.ഖാലിദ് കുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരിൽ ചിലരുമായും ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന യുവതിക്ക് കഴിഞ്ഞദിവസം ഹരിപ്പാട് നിന്ന് ഇയാൾ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി വിവരം ലഭിച്ചു. തുട‌ർന്ന് കരീലകുളങ്ങര പൊലീസിനെ വിവരം അറിയിച്ചശേഷം തൃശൂർ പൊലീസ് കമ്മിഷണറുടെ അനുമതി വാങ്ങി ഹരിപ്പാട്ടെത്തിയ യുവതി അഞ്ചാംവിവാഹത്തിന് ഒരുങ്ങിയെത്തിയ ഖാലിദ് കുട്ടിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ചാമത്തെ വിവാഹമാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

മറ്റ് വിവാഹങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. കൊട്ടിയം സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നും വിവാഹം കഴിച്ചു. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് ഹരിപ്പാട് അഞ്ചാം വിവാഹത്തിന് തയ്യാറായത്.തൃശൂർ വടക്കേക്കാട് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിവാഹത്തട്ടിപ്പിന് ഇയാൾക്കെതിരെ കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here