തലപ്പാടി – ചെങ്കള ദേശീയപാതാ വികസനത്തിന് കേന്ദ്ര അംഗീകാരം

0
200

കാസർകോട്‌: ദേശീയപാത വികസനത്തിൽ തലപ്പാടി ചെങ്കള റീച്ചിന്‌ കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സമിതിയുടെ അംഗീകാരം ലഭിച്ചതോടെ വർഷങ്ങളായി കാത്തിരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങാനാകും. 1968.84 കോടി രൂപ ചെലവിട്ടുള്ള 45 മീറ്റർ വീതിയുള്ള ആറുവരി പാതക്കാണ്‌ അംഗീകാരം. 39 കിലോമീറ്റർ റോഡ്‌ രണ്ടര വർഷത്തിനകം പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കലിന്‌ 683.9 കോടി രൂപ നഷ്ടപരിഹാരം നൽകും. 25 ശതമാനം വിഹിതം സംസ്ഥാന സർക്കാർ വഹിക്കും. ടെൻഡർ പൂർത്തിയാക്കി സെപ്‌തംബറോടെ പ്രവൃത്തി തുടങ്ങാനാകും. തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാതാ വികസനത്തിൽ ആദ്യം പ്രവൃത്തി ആരംഭിക്കുക തലപ്പാടി ചെങ്കള റീച്ചിലായിരിക്കും. കോവിഡ്‌ 19 വ്യാപനം കാരണം തൊഴിൽരംഗത്തുണ്ടായ സ്‌തംഭനം മാറ്റാനും തൊഴിലാളികൾക്കും മറ്റും വരുമാനം ലഭ്യമാക്കാനുമുള്ള അവസരമാകും ദേശീയപാത വികസനം.

നടക്കില്ലെന്ന്‌ ഉറപ്പിച്ച്‌ യുഡിഎഫ്‌ സർക്കാർ പ്രവർത്തനം അവസാനിപ്പിച്ച ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്‌ വേഗത്തിലായത്‌. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്‌ നടത്തിയ സമ്മർദത്തിലാണ്‌ സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്‌ വഴി തെളിഞ്ഞത്‌. നാലുവരിയായിരുന്ന റോഡ്‌ ആറു വരിയാക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകുമെന്ന്‌ കേന്ദ്ര സർക്കാരുമായി ധാരണയുണ്ടാക്കി. 5250 കോടിയോളം രൂപ നൽകും. തലപ്പാടി മുതൽ കാലിക്കടവ്‌ വരെയുള്ള 45 മീറ്റർ വീതിയിലുള്ള 87 കിലോ മീറ്റർ ആറുവരി ദേശീയപാതക്കായി ജില്ലയിൽ 94 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുത്തത്‌. 2296 ഭൂഉടമകൾക്കായി 561.43 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു. ജില്ലയിൽ 5885 ഭൂടമകൾക്കായി 1200 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരും.

തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോ മീറ്റർ റോഡിനായി 44 ഹെക്ടർ ഭൂമി ഏറ്റെടുത്തു. ചെങ്കള–- നീലേശ്വരം പള്ളിക്കര മേൽപാലം വരെയുള്ള 37 കിലോമീറ്റർ റോഡിനായി 42 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ‌് വരെയുള്ള 6.917 കിലോ മീറ്റർ റോഡ‌് വികസനം കണ്ണൂർ ഭാഗത്തിലാണ‌്. 780 മീറ്റർ വരുന്ന നാലുവരി നീലേശ്വരം റെയിൽവേ മേൽപാലം നിർമാണം പുരോഗമിക്കുന്നു. 82 കോടി രൂപയാണ‌് നിർമാണ ചെലവ‌്. തലപ്പാടി മുതൽ കോഴിക്കോട്‌ വെങ്ങളം വരെയുള്ള ദേശീയപാത വികസനത്തിന്‌ കേന്ദ്ര സർക്കാരിന്റെ സാമ്പത്തികാനുമതി ലഭിച്ചതായാണ്‌ അറിവ്‌.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here