മൊർത്തണയിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും കഞ്ചാവ് മാഫിയക്കെതിരേയും മഞ്ചേശ്വരം പൊലീസ് നടപടി ശക്തമാക്കി; നാലുപേര്‍ അറസ്റ്റില്‍

0
169

മഞ്ചേശ്വരം: മജിര്‍പള്ളയിലും മൊര്‍ത്തണയിലും നാട്ടുകാരെ ഭീതിയിലാഴ്ത്തി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും കഞ്ചാവ് മാഫിയക്കെതിരേയും പൊലീസ് നടപടി ശക്തമാക്കി.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ മുഹമ്മദ് അലിയുടെ വീട് തകര്‍ത്തതിന് അല്‍അമീന്‍ (33), സുബൈര്‍ (32) എന്നിവരേയും സാലിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുഹമ്മദലി (29), ഷാനു (25) എന്നിവരേയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. ഈ ഭാഗത്ത് അടുത്തകാലത്തായി അക്രമസംഭവങ്ങള്‍ ഏറിവരികയാണ്. വീട് കയറി അക്രമിക്കുന്നതും വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവാണ്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിക്കുകയുമുണ്ടായി.

ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം പൊലീസിന് തലവേദനയായിരുന്നു. അക്രമ സംഭവങ്ങള്‍ ഏറി വരുന്നതോടെ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ നടപടി ശക്തമാക്കുകയായിരുന്നു. പല കേസുകളിലായി പത്തോളം പ്രതികളാണ് പിടിയിലാകാനുള്ളതെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. രാത്രികാല പരിശോധന ഊര്‍ജിതമാക്കാനാണ് പൊലീസ് തീരുമാനം.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here