“നിങ്ങളുടെ ടിക്കറ്റിന് പണമടച്ചത് സോണിയ ഗാന്ധി”: ട്രെയിനിൽ കുടിയേറ്റക്കാരോട് കോൺഗ്രസ് എം.‌എൽ‌.എ

0
197

ന്യൂഡൽഹി∙ പഞ്ചാബിൽനിന്ന് ബിഹാറിലേക്കു സ്പെഷൽ ട്രെയിനിൽപ്പോയ അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് നൽകിയത് കോണ്‍ഗ്രസ്. ഭട്ടിൻ‍ഡ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികളെ യാത്രയയ്ക്കാൻ കോൺഗ്രസ് എംഎൽഎ അമരീന്ദർ രാജ വാറങ്ങും എത്തിയിരുന്നു. ‘നിങ്ങളുടെ ടിക്കറ്റ് എടുത്തു നൽകിയത് സോണിയ ഗാന്ധി’യാണെന്ന നോട്ടിസും എല്ലാ യാത്രക്കാരുടെ കൈവശവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബിഹാറിലെ മുസഫർപുരിലേക്കായിരുന്നു തൊഴിലാളികളുടെ യാത്ര.

പ്രതിസന്ധിയിലായ തൊഴിലാളികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന സന്ദേശവും ട്രെയിൻ യാത്ര തിരിക്കുംമുൻപു നടത്തിയ ഒരു ചെറിയ പ്രസംഗത്തിൽ അദ്ദേഹം നൽകി. ‘നിങ്ങളുടെ ടിക്കറ്റിന്റെ നിരക്ക് വഹിച്ചത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. കോൺഗ്രസ് പാർട്ടിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും സംസ്ഥാന കോൺഗ്രസ് മേധാവി സുനിൽ ജാഖറുമാണ് നിങ്ങളെ അയയ്ക്കാനെത്തിയിരിക്കുന്നത്. എല്ലാ വിവരങ്ങളും ഈ നോട്ടിസിൽ എഴുതിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ അതു വായിക്കാം’ – വാറങ് കൂട്ടിച്ചേർത്തു.

ജോലി ഇല്ലാതെ സ്വന്തം നാട്ടിലേക്കുപോകുന്ന അതിഥി തൊഴിലാളികളുടെമേൽ ഇരട്ടിഭാരമായി ട്രെയിൻ യാത്രാ നിരക്കുകൂടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലെയും അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാനിരക്ക് അതതു സംസ്ഥാനത്തെ കോൺഗ്രസ് ഘടകങ്ങൾ ഏറ്റെടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here